
ആഗ്ര: വിവാഹിതയായ യുവതിയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്ന യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടിച്ച് പൂര്‍ണ്ണനഗ്നനാക്കി നടത്തി. ആഗ്രാ ഗ്രാമത്തില്‍ യുവാവിനെ നഗ്നനാക്കി ഗ്രാമവീഥിയിലൂടെ നടത്തുന്ന രംഗം ക്യാമറയില്‍ പകര്‍ത്തിയ ഗ്രാമീണര്‍ അത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കി മാറ്റുകയും ചെയ്തു. സംഭവത്തില്‍ പിന്നീട് യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരേ ബലാത്സംഗത്തിന് അറസ്റ്റ് ചെയ്ത പോലീസ് യുവാവിനെ നഗ്നനാക്കി നടത്തിയതിന് നാട്ടുകാര്‍ക്കെതിരേയും കേസെടുത്തു.
രണ്ടു ഭാര്യമാരും അവരില്‍ മൂന്നു കുട്ടികളും ഉള്ളയാളാണ് ഇയാള്‍. ഗ്രാമത്തിലെ തന്നെ മൂന്നാമത്തെ സ്ത്രീയുമായി അവിഹിത ബന്ധം പുലര്‍ത്തി വരികയുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച യുവാവിനെയും യുവതിയെയും മോശമായ സാഹചര്യത്തില്‍ ഭര്‍ത്തൃസഹോദരന്‍ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ അടിയും ഇടിയും നല്കി വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം പൂര്‍ണ്ണനഗ്നനാക്കി ഗ്രാമത്തിലെ തെരുവിലൂടെ നടത്തിക്കുകയായിരുന്നു. നാലുമിനിറ്റുകള് വരുന്ന വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.
സംഭവത്തില്‍ യുവാവിനെതിരേ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ ബലാത്സംഗ പരാതിയും നല്‍കിയിട്ടുണ്ട്. യുവാവിനെതിരേ കേസെടുത്ത പോലീസ് ജയിലിലേക്ക് അയച്ചു. അതേമസയം നഗ്നനാക്കി യുവാവിനെ തെരുവിലൂടെ നടത്തിയതിന് വീഡിയോദൃശ്യങ്ങള്‍ തെളിവാക്കി യുവതിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍ക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഉടനടി അവര്ക്കെതിനേ നടപടിയെടുക്കുമെന്നുമാണ് പോലീസ് പറയുന്നത്.






