
കണ്ണൂര്‍: ഒന്നര വയസ്സുകാരനെ മാതാവ് പാറക്കെട്ടില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ കൊലപാതകം നടന്നതിന്റെ തലേദിവസം നിധിന്റെ പുതിയ കാമുകിയെ ചൊല്ലി വഴക്കുണ്ടാക്കിയതായി ശരണ്യയുടെ മൊഴി. കുഞ്ഞുള്ളതാണ് തന്നെ സ്വീകരിക്കാന്‍ തടസ്സമായി നിധിന് പറഞ്ഞതെന്നും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. ഭാര്യാ ഭര്ത്താക്കന്മാരെ പോലെയാണ് ഇരുവരും ജീവിച്ചിരുന്നതെന്നും ഇരുവര്‍ക്കും ഒന്നിക്കാന്‍ തടസ്സമായി നിന്ന ഏക കാര്യം കുഞ്ഞായിരുന്ന എന്നാണ് തെളിവുകള്‍.
അതേസമയം ശരണ്യയെ കൊണ്ടു ഭീമമായ ഒരു തുക ബാങ്ക് വായ്പ എടുപ്പിച്ച് അതുമായി മുങ്ങി കാമുകിയോടൊത്ത് ജീവിക്കാനായിരുന്നു നിധിന്റെ പദ്ധതി. വായ്പയെടുപ്പിക്കാനായി പൂരിപ്പിച്ച അപേക്ഷ ഫോറമും മറ്റു രേഖകകളും ശരണ്യയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിധിന്റെ മറ്റൊരു ബന്ധം അറിഞ്ഞ ശരണ്യ നിധിനുമായി കൊലപാതകം നടക്കുന്നതിന്റെ തലേന്ന് തര്‍ക്കമുണ്ടാക്കിയിരുന്നു. ഉച്ചയ്ക്ക് നഗരത്തിലെ ഒരു ബാങ്കിന്റെ സമീപത്ത് നിന്നായിരുന്നു തര്‍ക്കം. ഇതില്‍ കുട്ടിയുള്ളതിനാലാണ് സ്വീകരിക്കാന്‍ തടസ്സമെന്ന് നിധിന് പറഞ്ഞതായിട്ടാണ് ശരണ്യയുടെ മൊഴി. ഇരുവരും തമ്മില്‍ ഒന്നര മണിക്കൂറോളം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫോണിലും വാട്സ്ആപ്പിലും ശരണ്യയും നിധിനും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിളിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഒഴിവാക്കിയാല്‍ തന്നെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് നിധിന് പലവട്ടം പറഞ്ഞിരുന്നു. ശരണ്യയുടെ ഭര്‍ത്താവ് പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ നിധിനും ശരണ്യയും അടുപ്പത്തിലായിരുന്നു. രാത്രിയും പകലും നിധിന് ശരണ്യയുടെ അടുത്ത് എത്തുകയും പലപ്പോഴും ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പോലീസിന്റെ സംശയത്തില്‍ ആദ്യം നിധിന് ഉണ്ടായിരുന്നില്ല. കാമുകന് ഉണ്ടെന്ന് പോലീസ് അറിയാതിരിക്കാന്‍ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ശരണ്യയ്ക്ക് നിധിന് ഫോണ്‍ ചെയ്തപ്പോഴും അപരിചിതയെ പോലെ ആയിരുന്നു ശരണ്യ ഫോണ്‍ അറ്റന്റ് ചെയ്തത്. എന്നാല്‍ നിധിന് കാട്ടിയ അമിത സ്വാതന്ത്ര്യം ശരണ്യയും നിധിനും തമ്മില്‍ ആഴത്തില്‍ ബന്ധമുണ്ടെന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തി. കസ്റ്റഡിയില്‍ ഇരിക്കെ ശരണ്യയെ നിധിന് വിളിച്ചത് 17 തവണയായിരുന്നു.
കുട്ടിയെ പ്രണവ് എടുത്തു കൊണ്ടുപോകുമെന്ന് നേരത്തേ തന്നെ ശരണ്യ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയെ കൊലപ്പെടുത്തി നിധിനൊപ്പം ജീവിക്കാനുള്ള പദ്ധതി തയ്യാറാക്കി മനപ്പൂര്‍വ്വമാണ് ശരണ്യ പ്രണവിനെ രാത്രി വിളിച്ചു വരുത്തിയത്. കുട്ടിയെ കാണാതായാല്‍ പ്രണവ് കൊണ്ടുപോയതാകാമെന്ന് മറ്റുള്ളവര്‍ കരുതിക്കൊള്ളും എന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ശരണ്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് കടലില്‍ എറിഞ്ഞ കുട്ടിയുടെ ജഡം കടപ്പുറത്ത് അടിഞ്ഞതോടെ പ്രണവിനെ കൊലപാതകിയാക്കാനായി പിന്നീട് ശ്രമം. എന്നാല്‍ കേസ് അന്വേഷണം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പിതാവിന് പകരം പ്രതിയായത് മാതാവും അവരുടെ കാമുകനും.






