
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ പതറുന്ന ഇംഗ്ളീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പാ ലീഗില്‍ പൊളിക്കുന്നു. യൂറോപ്പാ ലീഗിന്റെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ക്ളബ്ബ ബ്രുഗെയെ അവര്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. മറ്റു മത്സരങ്ങളില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍മിലാനും സ്പാനിഷ് ക്ളബ്ബ് എസ്പാനിയോളും ജയിച്ചു കയറിയപ്പോള്‍ ആഴ്സണല്‍ തോല്‍വി അറിഞ്ഞു. ജയിച്ചിട്ടും അയാക്സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്തു.
ബ്രൂണോ ഫെര്‍ണാണ്ടസ്, ഇഗാലോ, മക് ടോമിനേ എന്നിവരും ഫ്രഡിന്റെ ഇരട്ടഗോളും ചേര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൂറ്റന്‍ വിജയം നേടിക്കൊടുത്തത്. കളിയുടെ 22 ാം മിനിറ്റില്‍ ഡെലി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്രുഗേയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു. പെനാല്‍റ്റി ബോക്സില്‍ ഡാനിയേല്‍ ജെയിംസിന്റെ കയ്യില്‍ പന്തു തട്ടി ആദ്യഗോള്‍ മാന്‍ യു നേടിയത് പെനാല്‍റ്റിയില്‍ നിന്നുമാണ്. ബള്‍ഗേറിയന്‍ ക്ളബ്ബ് ലുഡോഗറേസ്റ്റ് റാസ്ഗാര്ഡിനെ 2-1 ന് പരാജയപ്പെടുത്തി ആണ് ഇന്റര്മിലാന് മുമ്പോട്ട് പോയത്. ഒന്നാം പകുതിയില ബിരാഗിയും ലൂക്കാക്കുവും നേടിയ ഗോളുകളായിരുന്നു അവരെ മുമ്പോട്ട് കൊണ്ടുപോയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചു കയറിയപ്പോള്‍ മറ്റൊരു ഇംഗ്ളീഷ് ക്ളബ്ബായ ആഴ്സണലിന് തോല്‍ക്കാനായിരുന്നു വിധി. ഗ്രീക്ക് ക്ളബ്ബായ ഒളിമ്പിയാക്കോസിനോട് 2-1 നായിരുന്നു തോല്‍വി. സാധാരണ സമയത്ത് സിസ്സെ നേടിയ ഗോളിന് വിജയം നേടിയെങ്കിലും ആഴ്സണലിന്റെ ആദ്യപാദത്തിലെ ഒരു ഗോള്‍ ജയം അധിക സമയത്തിലേക്ക് കളി തള്ളിവട്ടു. 113 ാം മിനിറ്റില്‍ ഔബയാംഗിലൂടെ ആഴ്സണല്‍ മുന്നിലെത്തിയെങ്കിലൂം 119 ാം മിനിറ്റില്‍ അല്‍ അറബി ഗോള്‍ മടക്കിയതോടെ ആഴ്സണലിനും മടക്ക ടിക്കറ്റ് വീണു.
ഗറ്റാഫേയെ തോല്പ്പിച്ചെങ്കിലൂം ഡച്ച് ക്ളബ്ബ് അയാക്സിനും പുറത്താകാനായിരുന്നു വിധി. ആദ്യ പാദത്തില്‍ ഗറ്റാഫേ നേടിയ 2-0 വിജയം അവരെ മുമ്പോട്ട് കൊണ്ടുപോയി. പെരേരാ ഡാ സില്‍വ നേടിയതിന് പിന്നാലെ ഒളിവേരയുടെ സെല്‍ഫ് ഗോളും അയാക്സിനെ മുന്നിലെത്തിച്ചെങ്കിലൂം ജയ്മെ മാട്ട അഞ്ചാം മിനിറ്റില്‍ നേടിയ ഗോള്‍ ഗറ്റാഫേയെ രക്ഷിച്ചു. മറ്റൊരു ഗ്ളാമര്‍ മത്സരം നടന്ന പോര്‍ച്ചുഗീസ് ക്ളബ്ബ് എഫ്സി പോര്‍ട്ടോ ബെയര്‍ ലെവര്കൂസന് മത്സരത്തില്‍ 3-1 ന് ജര്‍മ്മന്‍ ക്ളബ്ബ് ജയിച്ചു. തുര്‍ക്കി ക്ളബ്ബ് ഇസ്താംബൂള്‍ ബസിക്താസ് 4-1 ന് മറ്റൊരു പോര്‍ച്ചുഗല്‍ ക്ളബ്ബ് സ്പോര്‍ട്ടിംഗ് ലിസ്ബനെയും പരാജയപ്പെടുത്തി.
സ്പാനിഷ് ക്ളബ്ബ് എസ്പാനിയോള്‍ 3-2 ന് ഇംഗ്ളഷ് ക്ളബ്ബ് വോള്‍വ്സിനെ തോല്‍പ്പിച്ചപ്പോള്‍ 1-3 ന് കെല്‍റ്റിക് കോപ്പന് ഹേഗനോട് പരാജയപ്പെട്ടു. എഫ് ബാസല്‍ അപ്പോയല്‍ നിക്കോസിയയെ 1-0 നും ജര്‍മ്മന്‍ ക്ളബ്ബ് വോള്‍ഫ്സ് ബര്‍ഗ് മാല്‍മോ എഫ്എഫിനെ 3-0 നും തോല്‍പ്പിച്ചു. എന്നാല്‍ ഇറ്റാലിയന്‍ വമ്പന്മാരായ റോമയ്ക്ക് 1-1 സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ ഒരു ഗോള്‍ ജയം തുണയായി.


