
ഭുവനേശ്വര്‍: ഡല്‍ഹി കലാപത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെ വ്യത്യസ്ത നിലപാടുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യത്തോട് മമതാ ബാനര്‍ജി പ്രതികരിച്ചില്ല. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് രാഷ്ട്രീയം സംസാരിക്കേണ്ട സമയം ഇതല്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഒരുക്കിയ വിരുന്നില്‍ അമിത് ഷായ്ക്കൊപ്പം പങ്കെടുക്കവെയാണ് മമതയുടെ പ്രതികരണം. നവീന്‍ പട്നായിക്കിന്റെ വസതിയില്‍ നടന്ന വിരുന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്നിവര്‍ പങ്കെടുത്തു. നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം നവീന്‍ പട്നായിക് ട്വിറ്ററില്‍ പങ്കിടുകയും ചെയ്തു.
അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഴക്കന്‍ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിമാര്‍ ഭുവനേശ്വറില്‍ എത്തിയത്.
അതേസമയം ഡല്‍ഹിയില്‍ നടന്നത് വളരെ അസ്വസ്ഥജനകമായ കാര്യമാണെന്ന് മമത പറഞ്ഞു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. കലാപത്തില്‍ പോലീസുകാരനും ഐ.ബി ഉദ്യോഗസ്ഥനും അടക്കം നിരവധി പേരാണ് മരിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മമത പറഞ്ഞു.







Comments