
മുംബൈ: ദീര്‍ഘനാള്‍ കാത്തിരുന്ന ശേഷം ഇന്ത്യന്‍ പോലീസിന്റെ കയ്യില്‍ കിട്ടിയ അധോലോക നായകന് രവി പൂജാരയെ സെനഗല്‍ പോലീസ് അറസ്റ്റ് ചെയ്തത് ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാന്‍ എത്തിയപ്പോള്‍. തികച്ചും നാടകീയമായി സെനഗല്‍ പോലീസ് അറസ്റ്റ് ചെയ്ത രവി പൂജാരയെ സെനഗല്‍ പോലീസ് ഇന്ത്യയ്ക്ക് കൈമാറിയരുന്നു. ഇന്ത്യയിലെ മുഴുവന്‍ പോലീസും തെരയുന്ന കൊടും കുറ്റവാളി ഇപ്പോള്‍ കര്‍ണാടകാ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊലപാതകം മുതല്‍ മനുഷ്യക്കടത്ത് വരെയുള്ള കേസുകളില്‍ കര്‍ണാടക പോലീസ് പൂജാരയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു.
സെനഗലില്‍ ആന്റണി എന്ന വ്യാജപ്പേരില്‍ കഴിയുകയായിരുന്ന രവി പൂജാരയെ 2019 ജനുവരിയിലാണ് സെനഗല്‍ പോലീസ് പിടികൂടിയത്. ആന്റണി എന്ന പേരില്‍ സലൂണില്‍ എത്തിയ പൂജാര മുടിവെട്ടുന്നതിനിടയില്‍ പിന്നില്‍ നിന്നും ഒരു പോലീസുകാരന് ‘രവി പൂജാര’ എന്ന യഥാര്‍ത്ഥ പേര് വിളിച്ചപ്പോള്‍ അറിയാതെ പ്രതികരിച്ചു പോയതാണ് അധോലോക നായകന് സെനഗല്‍ പോലീസിന്റെ വലയില്‍ വീഴാന്‍ കാരണമായത്. പിന്നീട് ബുര്‍ക്കിനഫാസോ സ്വദേശിയായ ആന്റണി ഫെര്‍ണാണ്ടസാണെന്ന് തര്‍ക്കിച്ചു നോക്കിയപ്പോള്‍ മുംബൈ പോലീസ് നല്കിയ വിരലടയാള പരിശോധന എതിരായിമാറുകയും ചെയ്തു. ഇതോടെയാണ് അധോലോക നായകന് രവി പൂജാരയെ ഇന്ത്യയില്‍ എത്തിക്കാനായത്.
ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിലും ബുര്ക്കിനാഫാസോയിലുമായി ഒരു ദശകത്തില്‍ അധികമായി ഒളിവില്‍ കഴിയുകയായിരുന്ന പൂജാരയെ പൊക്കാനുള്ള ഓപ്പറേഷന് പദ്ധതിയിട്ടത് കര്‍ണാടക എഡിജിപി അരുണ്‍കുമാര്‍ പാണ്ഡേ ആയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷമായി അധോലോക നായകനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്ന തിരക്കിലായിരുന്നു അമര്‍കുമാര്‍ പാണ്ഡേ.
മുംബൈ പോലീസില്‍ നിന്നും 1994 ല്‍ കിട്ടിയ ഒരു ഫോട്ടോ അല്ലാതെ പൂജാരയെ തിരിച്ചറിയാന്‍ ഒരു തെളിവും കര്‍ണാടകാ പോലീസിന്റെ കയ്യിലില്ലായിരുന്നു. 20 വര്‍ഷം കൊണ്ട് ഈ ചിത്രത്തില്‍ നിന്നും പൂജാരയുടെ രൂപം ഏറെ മാറിപ്പോകുകയും ചെയ്തു. സെനഗലിലെ ഡാകറില്‍ പൂജാര ഉണ്ടെന്ന് കിട്ടിയ വിവരമാണ് കൂട്ടത്തില്‍ നിര്‍ണ്ണായകമായത്. പോലീസ് ഈ വിവരം ഉടന്‍ തന്നെ സെനഗല്‍ പോലീസിന് കൈമാറി. വിവരത്തിലുള്ള പ്രതികരണത്തിന് നാലു മാസം എടുത്തിരുന്നു. ഇതിനിടയില്‍ പൂജാര ആന്റണി ഫെര്‍ണാണ്ടസായി സ്വയം മാറുകയും ചെയ്തു.
ആന്റണിയെ സെനഗല്‍ പോലീസ് രഹസ്യമായി പിന്തുടര്ന്നു. പൂജാര സലൂണില്‍ എത്തിയ ദിവസം കരുതലോടെ സെനഗല്‍ പോലീസും എത്തി. ആന്റണി പൂജാര തന്നെയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഏറെ ദുഷ്ക്കരം. ആന്റണി സലൂണില്‍ കയറിയപ്പോള്‍ പോലീസ് പിന്നില്‍ നിന്നും 'രവി പൂജാര' എന്ന യഥാര്‍ത്ഥ നാമം വിളിച്ചു. അപ്രതീക്ഷിതമായുള്ള വിളിയില്‍ ആന്റണി എന്ന വ്യാജപ്പേര് മറന്നു പോയ പൂജാര അറിയാതെ തന്നെ പ്രതികരിച്ചു. തുടര്‍ന്ന് പൂജാര അപകടം മണക്കും മുമ്പ് തന്നെ പോലീസ് ഇയാളെ പൊക്കി. ചോദ്യം ചെയ്യലില്‍ താന്‍ ബുര്‍ക്കിനഫാസോയില്‍ നിന്നുള്ള ആന്റണി ഫെര്‍ണാണ്ടസാണെന്ന് ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ മുംബൈ പോലീസിന്റെ വിരലടയാളം മറികടക്കാനായില്ല.
അറസ്റ്റിനെ പൂജാര നിയമപരമായി വെല്ലുവിളിച്ചു. എന്നാല്‍ ഫെബ്രുവരി 19 ന് ഈ കേസ് തോറ്റു. ഇന്റര്‍പോള്‍ നേരത്തേ തന്നെ ഇരട്ട കൊലപാതക കേസില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തു വിട്ടിരുന്നതിനാല്‍ സെനഗല്‍ അധികൃതര്‍ കര്‍ണാടകാ പോലീസിന് പൂജാരയെ കൈമാറി. ഫെബ്രുവരി 24 ന് ഇന്ത്യയിലേക്ക് കൊണ്ടു വരികയും ചെയ്തു. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ 12 വര്‍ഷമായി ഐവറി കോസ്റ്റും ബുര്‍ക്കിനാഫാസോയും കേന്ദ്രീകരിച്ച് താമസിക്കുകയാണെന്നും സെനഗലില്‍ തുണി വ്യാപാരവും ഇലക്ട്രോണിക്സ് വില്‍പ്പനയും നടത്തിവരികയായിരുന്നെന്നും കണ്ടെത്തി.






