
മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 113 റണ്‍സ് അടിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മ വീണ്ടും തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ അാനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
ഷഫാലി വര്‍മ്മ 34 പന്തില്‍ ഏഴു ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് 47 റണ്‍സ് ഉയര്‍ത്തിയത്. ബൗളിങ്ങില്‍ നാലു വിക്കറ്റ് വീഴ്ത്തിയ രാധാ യാദവിന്റെ പ്രകടനമാണ് ലങ്കയെ ചെറിയ സ്കോറില്‍ ഉയര്‍ത്തിയത്. നേരത്തെ തന്നെ സെമിയിലെത്തിയ ഇന്ത്യ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. എ ഗ്രൂപ്പില്‍ നാലില്‍ നാലും ജയിച്ച ഇന്ത്യയ്ക്ക് എട്ട് പോയിന്റുണ്ട്. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ നേരത്തെ തന്നെ സെമി ബെര്‍ത്ത് ഉറപ്പിച്ചതാണ്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സെമിബെര്‍ത്ത് ഉറപ്പിച്ചത്.
ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ലങ്ക എന്നീ ടീമുകളെ തകര്‍ത്താണ് ഇന്ത്യ സെമിയില്‍ കടന്നത്. മൂന്ന് മത്സരങ്ങളും തോറ്റ ലങ്ക സെമിബെര്‍ത്ത് കടക്കാതെ ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.
ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയയെ 17 റണ്‍സിനും, ബംഗ്ലാദേശിനെ 18 റണ്‍സിനും, ന്യൂസിലന്‍ഡിനെ നാലു റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്.
ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരത്തിലെ വിജയികളാണ് എ ഗ്രൂപ്പില്‍ രണ്ടാമതായി സെമിയിലെത്തുക. ഇന്ത്യയ്ക്കായി ഓപ്പണര്‍ സ്മൃതി മന്ദാന(17) ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍(15) എന്നിവര്‍ ഷഫാലി വര്‍മ്മയ്ക്ക് പിന്തുണ നല്കി. ജെമീമ റോഡ്രിഗസ്( 15) ദീപ്തി ശര്‍മ്മ(15) എന്നിവര്‍ പുറത്താകാതെ നിന്നു.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കായി ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു(33), കവിഷ് ദില്‍ഹരി(25) എന്നിവരാണ് പോരാടിയത്. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് രാധാ യാവദിന്റെ നാല് വിക്കറ്റ് നേട്ടം. രാജേശ്വരി ഗെയ്കക്വാദ് രണ്ട് വിക്കറ്റും, ദീപ്തി ശര്‍മ്മ, ശിഖ പാണ്ഡേ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.






