
കുമളി: ചെളിമടയില്‍ സ്വകാര്യ ബസ് കത്തി ക്ലീനര്‍ മരിച്ചത്, ഷര്‍ട്ടറുകളും ഡോറും അടച്ചിരുന്നത് മൂലം തീയുടെ പുകയില്‍ ശ്വാസം മുട്ടി പുറത്തുകടക്കാനാകാതെയെന്നു നിഗമനം. ഡ്രൈവര്‍ക്ക് പിന്നിലെ മൂന്നാമത്തെ സീറ്റിനടിയിലായി ചാരക്കൂമ്പാരത്തില്‍ തലയോട്ടിയും അസ്ഥികളും മാത്രമാണ് അവശേഷിച്ചത്. കൊട്ടാരക്കര-ദിന്‍ഡുക്കല്‍ ദേശീയപാതയോരത്ത് ചെളിമട പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബസിനു തീപിടിച്ച് ബസില്‍ കിടന്നുറങ്ങിയ ക്ലീനര്‍ പശുപ്പാറ ഉപ്പുകുളം സ്വദേശി രാജനാ(24)ണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. ജീവനക്കാര്‍ രാവിലെ എഴുന്നേല്‍ക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പായിരുന്നു ബസ് കത്തിയമര്‍ന്നത്. ഞായറാഴ്ച സര്‍വീസ് കഴിഞ്ഞ് പതിവുപോലെ ചെളിമടയിലെ പമ്പിനു സമീപമാണ് കൊണ്ടോടി ബസ് പാര്‍ക്ക് ചെയ്തിരുന്നത്. രാത്രി ഏഴരയോടെ സര്‍വീസ് അവസാനിപ്പിക്കുന്ന ബസ് രാവിലെ ആറരയ്ക്കാണ് വീണ്ടും സര്‍വീസ് തുടങ്ങുന്നത്. ബസ് കഴുകി പിറ്റേദിവസത്തേക്ക് ഇന്ധനവും നിറച്ചാണ് €ീനര്‍ ബസിലും മറ്റ് ജീവനക്കാര്‍ താമസ സ്ഥലത്തേക്കും പോയത്.
ബസിന്റെ ഇരുമ്പ് ചട്ടയൊഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും ചാരമായി. ബസിന്റെ പിന് ഭാഗത്ത്നിന്നാണ് തീ കണ്ടെതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ കുഴല്‍ക്കിണര്‍ ലോറിയുടെ ഡ്രൈവറും പമ്പിലെ ജീവനക്കാരനുമാണ് തീ ആദ്യം കാണുന്നത്. ബസിന്റെ പിന്നിലെ ടയറുകളുടെ ഭാഗം വരെ അപ്പോഴേക്കും കത്തിനശിച്ചിരുന്നു. പുലര്‍ച്ചെ രണ്ടരയായതിനാല്‍ വാഹനങ്ങള്‍ കുറവായിരുന്നു. നാട്ടുകാര്‍ ഉറക്കത്തിലും.
ആ സമയം ഇതുവഴിപോയ വാഹനങ്ങളിലെ ചില ഡ്രൈവര്‍മാര്‍ തീ കണ്ട് വാഹനം നിര്‍ത്തി. അപ്പോഴേക്കും തീ നാളങ്ങള്‍ അന്‍പതടിയോളം ഉയരത്തിലെത്തി. നാട്ടുകാരും പോലീസും താമസിയാതെ ഓടിയെത്തി. പമ്പില്‍നിന്നും സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും വെള്ളം സംഭരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ക്ലീനര്‍ അകത്തുണ്ടന്നറിഞ്ഞ് മുന്നിലെ ചില്ല് തകര്‍ത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ സാധിച്ചില്ല. ടെസ്റ്റിങ്ങിനുള്ള, പെയിന്റിങ് ജോലികള്‍ കഴിഞ്ഞ ഒരു ജീപ്പ് പടുതയിട്ട് മൂടി ബസിനടുത്ത് നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ പടുത തീയില്‍ ഉരുകിയിട്ടുണ്ട്. മറ്റൊരു സ്വകാര്യ ബസും തൊട്ടടുത്തായി ഉണ്ടായിരുന്നത് സ്റ്റാര്‍ട്ടാക്കി മാറ്റി.
സംഭവത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. ബസ് പാര്‍ക്ക് ചെയ്തതിനടുത്തുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ബസിലെ മറ്റു ജീവനക്കാര്‍ ഉറങ്ങിയിരുന്നത്. ഈ കെട്ടിടത്തിലേക്കും തീ പടര്‍ന്ന് ജനാലകള്‍ കത്തി. മരിച്ച രാജന് കുമളി വഴി സര്‍വീസ് നടത്തുന്ന മിക്ക ബസുകളിലും ക്ലീനറായി ജോലി നോക്കിയിട്ടുണ്ട്. പത്തു ദിവസമേ ആയിട്ടുള്ളൂ ഈ ബസില്‍ എത്തിയിട്ട്.
കോട്ടയത്തുനിന്നു ഫോറന്‍സിക് വിദഗ്ധരെത്താന്‍ വൈകിയതിനാല്‍ ബസ് കത്തിയമര്‍ന്ന് ഒന്‍പത് മണിക്കൂര്‍ കഴിഞ്ഞാണ് ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുക്കാനായത്. രാവിലെ സര്‍വീസ് നടത്തേണ്ടതിനാല്‍ തലേന്ന് രാത്രി ടാങ്കില്‍ ഡീസലും നിറച്ചിരുന്നു. ഡീസല്‍ ടാങ്കില്‍ തീ പടരാതിരുന്നത് ദുരന്തം ഒഴിവാക്കി. ബസും പെട്രോള്‍ പമ്പുമായി 30 മീറ്റര്‍ മാത്രമാണ് അകലം. സമീപത്തായി മറ്റ് വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നു. പുലര്‍ച്ചെ ഇതുവഴി പോയ വാഹനങ്ങളിലെ ഡ്രൈവര്‍മാരും പമ്പിലെ ജീവനക്കാരനുമാണ് തീ ആദ്യം കണ്ടത്. ഇവരാണ് ആളുകളെ കൂട്ടിയതും പോലീസില്‍ അറിയിച്ചതും.






