
വി.സി.ആറില്‍ ആക്ഷന്‍ മൂവി കണ്ടു ത്രില്ലടിച്ച കുട്ടിയില്‍ നിന്ന് ഫോട്ടോഗ്രാഫറായപ്പോഴും സംവിധായകനായപ്പോഴും ആക്ഷന്‍ ചിത്രങ്ങളോടുള്ള ആവേശവും ഇഷ്ടവും എബ്രിഡ് ഷൈനിന്റെ മനസില്‍ നിന്ന് മാഞ്ഞുപോയിരുന്നില്ല.
ഹോളിവുഡ് ചിത്രത്തിന്റെ ദൃശ്യമികവോടു കൂടി മലയാളത്തില്‍ ഒരു ആക്ഷന്‍ മൂവി എന്ന ആശയത്തിന് പിന്നില്‍ എബ്രിഡ് ഷൈന്‍ എന്ന സംവിധായകനാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
റിയലിസ്റ്റിക് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന് ആക്ഷന്‍ സിനിമയിലും മാജിക് കാണിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പ്രതീക്ഷ വെറുതെയായില്ല, ദി കുങ്ഫൂ മാസ്റ്ററിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന് എബ്രിഡ് ഷൈന്‍ എന്ന സംവിധായകനു കഴിഞ്ഞു.
മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത ആക്ഷന്‍ ത്രില്ലര്‍ സിനിമയാണല്ലോ ദി കുങ്ഫു മാസ്റ്റര്‍?
ചെറുപ്പത്തില്‍ കണ്ട ആക്ഷന്‍ സിനിമകളുടെ ഉള്‍ക്കാഴ്ചയിലും ജിജി സക്കറിയ എന്ന മാര്‍ഷ്യല്‍ ആര്‍ട്സ് താരത്തെ കണ്ടുമുട്ടിയതുമൊക്കെയാണ് ദി കുങ്ഫൂ മാസ്റ്റര്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത്. 'ഫിസ്റ്റ് ഫൈറ്റ്' എന്നു പറയുന്ന രീതിയിലുള്ള സംഘട്ടനരംഗങ്ങളാണ് ചെയ്തിട്ടുള്ളത്.
ഇത്തരമൊരു സംഘട്ടനം അതിനു അനുയോജ്യമായ ഹിമാലയന്‍ താഴ്വരപോലെയുള്ള പശ്ചാത്തലത്തില്‍ കൊണ്ടു വന്നാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. വളരെ ഭംഗിയുള്ള, സൗന്ദര്യാത്മകമായ സംഘട്ടനം ചിത്രീകരിക്കുന്ന സിനിമയാണ് കുങ്ഫു മാസ്റ്റര്‍..
ഹിമാലയന്‍ താഴ്വരയിലെ അനുഭവങ്ങള്‍?
ഞാന്‍ ജനിച്ചുവളര്‍ന്നത് ഹിമാലയന്‍ താഴ്വരയിലെ ഗഡ്വാള് എന്ന സ്ഥലത്താണെങ്കിലും വലിയൊരു മഞ്ഞുമലയൊക്കെ ആദ്യമായി കാണുന്നത് കുങ്ഫു മാസ്റ്ററിന്റെ ഷൂട്ടിന് പോയപ്പോഴാണ്. ലൊക്കേഷനിലേക്കുള്ള യാത്രയില്‍ മഞ്ഞിടിച്ചിലും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും നേരില്‍ കണ്ടു..
പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്കാന് ശ്രമിക്കാറുണ്ടല്ലോ?
കഥാപാത്രത്തിനായി പുതിയൊരാള് വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് പുതിയൊരാളെ കാസ്റ്റ് ചെയ്യുന്നത്. ചിലരെ പരിചയപ്പെടുമ്പോള്‍ മനസിലുള്ള കഥാപാത്രങ്ങളുമായി സാമ്യം തോന്നും. അങ്ങനെയാണ് പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നത്.
വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധായകന് എന്ന് വിശേഷിപ്പിച്ചാല്‍?
മനപ്പൂര്‍വം ചെയ്യുന്നതല്ല, ഒരു സിനിമ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്താണ് എന്നുള്ളതാണ് പ്രധാനം. 1983 ചെയ്യുമ്പോള്‍ അതെന്റെ വ്യക്തിപരമായ ഇമോഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു പോലീസ് കഥ ചെയ്യണമെന്നുള്ള ആഗ്രഹത്തില്‍ നിന്നാണ് ആക്ഷന്‍ ഹീറോ ബിജുവുണ്ടായത്. പൂമരമാകട്ടെ ഞാന്‍ കണ്ട യുവജനോത്സവകാഴ്ചകളായിരുന്നു.
മാര്‍ഷ്യല്‍ ആര്‍ട്സിന് പ്രാധാന്യം നല്കുന്ന സിനിമകള്‍ ഇന്ത്യന്‍ സിനിമയില്‍ മുമ്പ് വന്നിട്ടില്ല എന്നതും മാര്‍ഷ്യല്‍ ആര്‍ട്സിന്റെ സൗന്ദര്യം കാണിക്കുന്ന സിനിമകള്‍ ചെറുപ്പത്തില്‍ കണ്ടിട്ടുള്ള ആവേശത്തിലുമാണ് 'ദി കുങ്ഫു മാസ്റ്റര്‍ 'ചെയ്യുന്നത്.
ഓരോ സിനിമയിലും കഥ പറയുന്ന പശ്ചാത്തലവും അവിടുത്തെ ജീവിതവും മനോഹരമായി ചിത്രീകരിക്കാനും ശ്രദ്ധിക്കുന്നു?
1983 യിലെ രമേശന് തമിഴ്നാട്ടിലോ ഗുജറാത്തിലോ മറ്റെവിടെയെങ്കിലുമോ ജീവിക്കുന്ന ആളാണെങ്കിലും ആ സിനിമ കണക്ടാവുന്ന മനുഷ്യസഹജമായ ഇമോഷനുകളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന്റെ പശ്ചാത്തലവും എവിടെയും കാണാനാകും. പൂമരം ആദ്യത്തെ രണ്ട് സിനിമകളിലും നിന്നും വ്യത്യസ്തമായി കലോത്സവ പശ്ചാത്തലത്തിലാണ് ഒരുക്കിയത്.
പൂമരത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ച ആശയങ്ങളിലേക്ക് പ്രേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും തിയേറ്ററിലിരിക്കുന്ന പ്രേക്ഷകര്‍ക്ക് യുവജനോത്സവ കാഴ്ചകളിലൂടെ ഒരുവട്ടം കൂടി കടന്നുപോകാനും നേരിട്ട് ഇത്തരമൊരു അനുഭവമില്ലാത്തവര്‍ക്ക് ഇങ്ങനെയും ചില കാഴ്ചകളുണ്ടെന്ന് മനസിലാക്കാനും കഴിയുന്ന രീതിയിലാണ് പൂമരം ഡിസൈന്‍ ചെയ്തത്.
കണ്ടിട്ടുള്ള ചൈനീസ്, ഹോങ്കോങ് സിനിമകളിലുടെ മാതൃകയില്‍ ഒരു ഇന്ത്യന്‍ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തോടെയാണ് കുങ്ഫു മാസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഫാമിലി ഇമോഷന് പാറ്റേണിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അതും ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് കണക്ടാവുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ശക്തമായ സൗഹൃദമാണ് സിനിമകളുടെ മറ്റൊരു പ്രത്യേകത?
വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതുമുതല്‍ സൗഹൃദങ്ങളിലൂടെയാണ് ഏതൊരു വ്യക്തിയും മുന്നോട്ട് പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള ഊഷ്മളമായ സ്നേഹവും സൗഹൃദവുമുള്ള ബന്ധങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. ആ യാത്രയില്‍ പല കാര്യങ്ങളും സുഹൃത്തുക്കളില്‍ നിന്നും പഠിക്കും, പലതരത്തിലുള്ള അനുഭവങ്ങളുണ്ടാകും.
ആ ഫോട്ടോ കണ്ട് ആളുകള്‍ അത് നല്ലതാണെന്ന് പറയുന്നു, ഫോട്ടോഗ്രാഫര്‍ എന്നു വിളിക്കുന്നു. പിന്നീട് പത്രപ്രവര്‍ത്തകനായി, മംഗളത്തിന്റെ ഫോട്ടോഗ്രാഫറായി. 2002 മുതല്‍ 2006 വരെ കന്യകയ്ക്കുവേണ്ടി ഫോട്ടോകളെടുത്തു. പിന്നീട് വനിതയില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്തു. 16 വര്‍ഷത്തോളം ഫോട്ടോഗ്രഫി ചെയ്തശേഷമാണ് സംവിധായകനാകുന്നത്.
ക്യാമറയിലൂടെ കണ്ട കാഴ്ചകള്‍ സിനിമയില്‍ സഹായിച്ചോ?
തീര്‍ച്ചയായും. ക്യാമറയിലൂടെ കണ്ടത്, നേരിട്ട് കണ്ടത് എന്നിങ്ങനെയുള്ള രണ്ടുതരം കാഴ്ചകളും ക്യാമറ ഉപയോഗിച്ചുള്ള എക്സ്പീരിയന്സുമൊക്കെയാണ് സിനിമയില്‍ എന്നെ സഹായിച്ചത്. വായിച്ച പുസ്തകങ്ങളും ക്യാമറക്കണ്ണിലൂടെ കണ്ട കാഴ്ചകളും എന്നിലെ സംവിധായകന് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.
സിനിമ സ്വപ്നം മനസില്‍ തോന്നുന്നത്?
ഫോട്ടോഗ്രാഫറായിരുന്ന കാലത്തൊക്കെ സിനിമാറ്റോഗ്രാഫറാകണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. പിന്നീട് സംവിധായകനാകുന്നത് യാദൃശ്ചികമായിട്ടാണ്. എല്ലായിപ്പോഴുമുള്ള ചര്‍ച്ചകളിലെ പതിവ് വിഷയം സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. കണ്ട സിനിമയുടെ കഥ മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു.
സിനിമ ആസ്വദിക്കുന്നതും കഥ മറ്റൊരാളോട് പറയുന്നതുമൊക്കെ കുട്ടിക്കാലം മുതലുള്ള പതിവായിരുന്നു. പണ്ടൊക്കെ സിനിമ കാണാന്‍ ഇത്രയും സൗകര്യങ്ങളൊന്നുമില്ല. ഒന്നുകില്‍ ദൂരദര്‍ശനില്‍ വരുന്ന സിനിമകള്‍ അല്ലെങ്കില്‍ വി.സി.ആറില്‍ കാണും. അതിനുശേഷം മുന്നോട്ടുള്ള യാത്രയില്‍ സംവിധായകനാകുമെന്ന് കരുതിയില്ല. പക്ഷേ എക്കാലവും സിനിമ കാണുന്നുണ്ടായിരുന്നു, ആസ്വദിക്കുന്നുണ്ടായിരുന്നു.
സിനിമയിലേക്കുള്ള കടന്നുവരവ് ?
ലാല്‍ജോസ് സാറിനൊപ്പം പുറംകാഴ്ചകള്‍ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. അതിന് മുമ്പും ശേഷവും സിനിമയില്‍ അവസരത്തിനായി പരിശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് എന്റെ സുഹൃത്ത് മാര്ട്ടിന് പ്രക്കാട്ട്, സിനിമ ചെയ്തു അത് വിജയമായി. ഞങ്ങളൊരുമിച്ച് ഒരു സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതോടെ പലരും എന്നോടും എന്നാണ് സിനിമ ചെയ്യുന്നത് എന്ന് ചോദിച്ചു തുടങ്ങി. ഒരു കഥ മനസില്‍ വന്നപ്പോള്‍ നിവിന്‍ പോളിയോട് കഥ പറയുന്നു. അത് നിവിന്‍ ഇഷ്ടമാകുന്നു. വളരെ പെട്ടെന്ന് തന്നെ ആ കഥ 1983 എന്ന സിനിമയായി.
ഇരുപതാംനൂറ്റാണ്ടില്‍ മാരുതികാറാണ് മോഹന്‍ലാലിന്റെ വാഹനമെങ്കില്‍ ഇനി വരുന്ന സിനിമകളില്‍ അതിലും മുന്തിയ തരം വാഹനങ്ങളിലായിരിക്കാം നായകന്റെ എന്‍ട്രി. അത്തരത്തില്‍ കാലഘട്ടം മാറുന്ന രീതിയില്‍ സ്വാഭാവികമായി കഥാഗതിയിലുണ്ടാകുന്ന മാറ്റങ്ങളല്ലാതെ സിനിമയിലങ്ങനെ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. പശ്ചാത്തലവും കഥയും കാലഘട്ടത്തിനനുസരിച്ച് മാറാം.
ഒരു കഥ എങ്ങനെ ഇമോഷണലായി പറയുന്നു, അതെങ്ങനെ കാലത്തെ അതിജീവിക്കുന്നു എന്നതിനനുസരിച്ചാണ് നല്ല സിനിമകളുണ്ടാകുന്നത്. പഠനകാലത്തും അതിനുശേഷവും കണ്ടിട്ടുള്ള സ്ഫടികവും വൈശാലിയും ഞാന്‍ ഗന്ധര്‍വനും ഒരിടത്തൊരു ഫയല്‍വാനും അമരവും ഇന്‍ ഹരിഹര്‍ നഗറും മീശമാധവനുമൊക്കെയാണ് ഇന്നുമെന്റെ പ്രിയപ്പെട്ട സിനിമകള്‍.
ഹിന്ദിയിലാകട്ടെ മിലിയും ഡോണുമൊക്കെ ആ ലിസ്റ്റില്‍ പെടുന്നു. കാലഘട്ടം മാറിയെങ്കിലും ആ സിനിമകളിലെ പാട്ടുകളും ഇമോഷനുമൊക്കെ ഇന്നും മനസിലുണ്ട്. ടെക്നിക്കലായും കാലഘട്ടത്തിനനുസരിച്ച് കഥ മാറുന്നു എന്നതുമല്ലാതെ സിനിമയില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
വിജയങ്ങളുടെ ക്രെഡിറ്റ് സമര്‍പ്പിക്കുന്നത്?
ഒരുപാടാളുകളോട് കടപ്പാടുണ്ട്. അച്ഛനും അമ്മയും കുടുംബവും അധ്യാപകരും സുഹൃത്തുക്കളും ഗുരുക്കന്മാരും സിനിമാ പ്രേക്ഷകര്‍ക്കുമൊക്കെ എന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. സഹപ്രവര്‍ത്തകര്‍ക്കും എനിക്കു ചുറ്റുമുള്ള എല്ലാവര്ക്കും സിനിമ ഇന്ഡസ്ട്രിയ്ക്കുമൊക്കെയാണ് ഞാനീ വിജയം സമര്‍പ്പിക്കുന്നത്.
അശ്വതി അശോക്