
തൃശൂര്‍: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ടോയ്ലറ്റ് ചിത്രവുമായി ബന്ധപ്പെട്ട് ആരംഭിച്ച ചൂടേറിയ ചര്‍ച്ചകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. തൃശ്ശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തോട് ചേര്‍ന്ന് ബ്രാഹ്മണര്‍ക്ക് മാത്രമായുള്ള ടൊയ്ലറ്റിന്റെ ചിത്രമാണ് വിവാദമായത്. ഇതിനെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു.
പുരുഷന്മാര്, സ്ത്രീകള്‍, ബ്രാഹ്മിന്‍സ് എന്നിങ്ങനെ മൂന്ന് ടോയ്ലറ്റുകളാണ് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴിയിലുള്ളത്. ജാതീയത പൂര്‍ണമായി നീക്കം ചെയ്തുവെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഇങ്ങനെ ഒരു ചിത്രം പ്രചരിച്ചത് ഏറെ ചര്‍ച്ചയായി. ചിത്രം വിവാദമായതോട് ബ്രാഹ്മിന്‍സ് എന്ന ചുവരെഴുത്ത് ടോയ്ലറ്റിന്റെ മുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് നീക്കം ചെയ്തത്.
അതേസമയം ക്ഷേത്രത്തിലെ ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ബോര്‍ഡ് സ്ഥാപിച്ചതെന്നും വിശദീകരണം ഉയര്‍ന്നിരുന്നു.