തിരുവനന്തപുരം: രണ്ട് മലയാളം ചാനലുകള്‍ക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞതിനാലാണ് വിലക്ക് നീക്കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ നല്കാന് പറ്റില്ലെന്നതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്നീട് പിന്‍വലിച്ചതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.എസിനെതിരെ വാര്‍ത്ത കൊടുക്കാം. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉളവാക്കുന്ന വിധത്തില്‍ ജയ്ശ്രീറാം വിളിക്കാത്തവരെ മര്‍ദ്ദിച്ചു. പള്ളികള്‍ പൊളിച്ചു. എന്നെല്ലാം വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ഈ ചാനലുകള്‍ പ്രചരിപ്പിച്ചു. അതിനാലാണ് നടപടി ഉണ്ടായതെന്നും മുരളീധരന് പറഞ്ഞു.
ജനരോക്ഷം ഭയന്ന് വിലക്ക് പിന്‍വലിച്ചതാണെന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രയോഗമാണ് ഓര്‍മ്മ വരുന്നതെന്ന് മുരളീധരന് പരിഹസിച്ചു. നിയമം പാലിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ട്. പരസ്പര വിദ്വേഷമുണ്ടാക്കുന്ന റിപ്പോര്‍ട്ടിംഗ് പാടില്ലെന്നത് ജനാധിപത്യ സംവിധാനത്തിലെ നിയമമാണ്. വാര്‍ത്താ പ്രക്ഷേപണത്തെക്കുറിച്ച് അംഗീകരിച്ചിട്ടുള്ള കേബിള്‍ ടി.വി നിയമം ലംഘിച്ചതിനാലാണ് നടപടിയെന്നും മുരളീധരന് പറഞ്ഞു.





