ലഖ്നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ അലഹാബാദ് ഹൈക്കോടതി. സംസ്ഥാനത്തെയും ജനങ്ങളെയും അപമാനിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റേതെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുറാം ജസ്റ്റിസ് രമേശ് സിംഹ എന്നിവര്‍ നിരീക്ഷിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇക്കഴിഞ്ഞ ഡിസംബറില്‍ യു.പിയില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്നാരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ലഖ്നൗവില്‍ പല ഇടങ്ങളിലായി പ്രദര്‍ശിപ്പിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യ ബോര്‍ഡില്‍ പറയുന്നു.
അറസ്റ്റിലായവര്‍ക്കെതിരെ കുറ്റാരോപണം നടത്തിയെന്നല്ലാതെ കുറ്റം തെളിയിക്കാന്‍ ആവശ്യമായ യാതൊരു രേഖകളും ഹാജരാക്കാന്‍ യു.പി പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണവിധേയര്‍ക്കെതിരെ ആക്രമണത്തിന് പോലും കാരണമായേക്കാവുന്ന വിധത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്.






