
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് എടുത്തുമാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയാണ് ലക്നൗ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് 16നകം സമാഹരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്കി.
ബോര്‍ഡ് സ്ഥാപിച്ചത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ഇന്ന് രണ്ടു മണിക്ക് ഉത്തരവിറക്കുമെന്ന് ചീഫ് ജസ്റ്റീസ് ഗോവിന്ദ് മഥൂര്‍, ജസ്റ്റീസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ലക്നൗവിലും തിരക്കേറിയ ഹസ്രത്ഗഞ്ചിലും മറ്റും കൂറ്റര്‍ ബോര്‍ഡുകള്‍ സ്ഥാനപിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. കലാപത്തിന് നേതൃത്വം നല്‍കിയവരെന്ന് പോലീസ് തിരിച്ചറിഞ്ഞ 50 പേരുടെ ചിത്രങ്ങളാണ് ബോര്‍ഡില്‍ സ്ഥാപിച്ചിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകനായ സദഫ് ജാഫര്‍, മനുഷ്യാവകാശ പ്രവര്ത്തകന് മുഹമ്മദ് ഷൊയിബ്, മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര് ദരാപുരി എന്നിവരുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നു.
ബോര്‍ഡ് സ്ഥാപിച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അനുചിതമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. സര്‍ക്കാര്‍ നല്ല ബോധത്തോടെയാണ് പെരുമാറേണ്ടത്. ബോര്‍ഡ് നീക്കി അക്കാര്യം മൂന്നു മണിക്ക് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബറില്‍ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയവരുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.






