
ന്യൂഡല്‍ഹി: സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) പിന്‍വലിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് അയയ്ക്കുന്ന എസ്.എം.എസിനുള്ള ചാര്‍ജും പിന്‍വലിച്ചു.
തീരുമാനങ്ങള്‍ 44.51 കോടി അക്കൗണ്ട് ഉടമകള്‍ക്കു സഹായകരമാകും. നിലവില്‍ മെട്രോ നഗരങ്ങളില്‍ പ്രതിമാസം 3000 രൂപ മിനിമം ബാലന്‍സ് വേണമെന്നായിരുന്നു നിബന്ധന. അര്‍ധ മെട്രോ, ഗ്രാമങ്ങളിലെ ഉപയോക്താക്കള്‍ യഥാക്രമം 2000, 1000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമായിരുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്ന് പ്രതിമാസം അഞ്ച് മുതല്‍ 15 രൂപ വരെയാണു പിഴ ഈടാക്കിയിരുന്നത്.
അക്കൗണ്ട് ഉടമകള്‍ക്ക് അയക്കുന്ന എസ്.എം.എസിനുള്ള ചാര്‍ജും പിന്‍വലിച്ചതായി എസ്.ബി.ഐ. ചെയര്മാന് രജനീഷ് കുമാര്‍ അറിയിച്ചു. 21,959 ബ്രാഞ്ചുകളിലായി 31 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എസ്.ബി.ഐയിലുള്ളത്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ്(എം.സി.എല്‍.ആര്) 15 ബേസിസ് പോയിന്റ് കുറച്ചതോടെ വിവിധ കാലവധിയുള്ള ഭവന- വാഹന വായ്പകളുടെ പലിശനിരക്കു കുറയും. ഈ മാസം പത്തു മുതലാണു പുതിയ നിരക്കു പ്രബല്യത്തിലായത്.
ഒരുവര്‍ഷം വരെയുള്ള എം.സി.എല്‍.ആര്. അധിഷ്ഠിത വായ്പകളുടെ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചു. അതായത് നിലവിലെ 7.85 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതു പത്താം തവണയാണ് എസ്.ബി.ഐ. എം.സി.എല്‍.ആര്. നിരക്കുകള്‍ കുറയ്ക്കുന്നത്.
ഒരുമാസ എം.സി.എല്‍.ആര്. 15 പോയിന്റായും മൂന്ന് മാസ എം.സി.എല്‍.ആര്. 7.65 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായും കുറച്ചു. ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ എം.സി.എല്‍.ആര്. 10 പോയിന്റ് കുറച്ച് 8.05ല്‍ നിന്ന് 7.95 ശതമാനമാക്കി. എല്ലാ കാലയളവ് വായ്പകള്‍ക്കും 10 ബേസിസ് പോയിന്റ് കുറച്ചതായി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും അറിയിച്ചു. സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പതാം തവണയാണ് യൂണിയന് ബാങ്ക് എം.സി.എല്‍.ആര്. കുറയ്ക്കുന്നത്. നിരക്കുകള്‍ കുറച്ചു കൂടുതല്‍ വായ്പകള്‍ നല്കി വിപണികളില്‍ പണലഭ്യത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെയും ആര്.ബി.ഐയുടേയും ലക്ഷ്യം. എസ്.ബി.ഐ. നിരക്കു കുറച്ചതോടെ മറ്റു ബാങ്കുകളും നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകും.
എം.സി.എല്‍.ആര്. നിരക്കുകള്‍ കുറച്ചതിനൊപ്പം നിക്ഷേപ പലിശയും എസ്.ബി.ഐ. കുറച്ചു. പുതിയ നിരക്കുകള്‍ ഈ മാസം 10 മുതല്‍ പ്രാബല്യത്തിലായി. ഒരുമാസത്തിനിടെ രണ്ടാം തവണയും നിക്ഷേപ പലിശ കുറയ്ക്കുന്നത്. ഫെബ്രുവരി 10നും സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചിരുന്നു. പുതുക്കിയ നിരക്കുപ്രകാരം ഏഴു ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനത്തില്‍നിന്ന് 4 ശതമാനമായി പലിശ കുറയും. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെയുള്ള പലിശ നിരക്ക് 6 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായാണ് കുറച്ചത്. അഞ്ചു മുതല്‍ പത്തുവര്‍ഷംവരെയുള്ള നിക്ഷേപത്തിനും പുതുക്കിയ പലിശ 5.9 ശതമാനമാണ്.
രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകം. മുതിര്‍ന്ന പൗരന്മാര്ക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതിയതായി നിക്ഷേപം നടത്തുന്നവര്‍ക്കും കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കുന്നവര്‍ക്കുമാണ് പുതിയ നിരക്കുകള്‍ ബാധകമാകുക. സേവിങ്സ് നിക്ഷേപങ്ങള്‍ക്ക് ഇനിമുതല്‍ മൂന്നു ശതമാനമാകും പലിശ. * 7- 45 ദിവസം: 4%* 46- 179 ദിവസം: 5%* 180- 210 ദിവസം: 5.50%* 211- ഒരുവര്‍ഷം: 5.5% * 1- 2 വര്‍ഷം: 5.90% * 2- 3 വര്‍ഷം: 5.90% * 3- 5 വര്‍ഷം: 5.90% * 5- 10 വര്‍ഷം: 5.90%




