ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടമറിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി സജീവമാക്കിയിരിക്കെ മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനുമായി കൂടിക്കാഴ്ച നടത്തിയ കമല്‍നാഥ്, 22 കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി അനധികൃത തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. ബി.ജെ.പി സംസ്ഥാനത്ത് കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.
22 കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജിവയ്പ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ഈ എം.എല്‍.എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ 11 മണിയോടെ കമല്‍നാഥ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കുതിരക്കച്ചവടം വ്യക്തമാക്കി മുന്ന് പേജുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.
മാര്‍ച്ച് 16ന് ആരംഭിക്കുന്ന ബജറ്റ് സെഷനില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് കത്തില്‍ വ്യക്്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിവരിച്ച കമല്‍നാഥ്, ഈ ദിവസങ്ങളിലാണ് കുതിരക്കച്ചവടം നടന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ജനാധിപത്യം അപകടത്തിലാണ്. ബംഗളുരുവില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ ഗവര്‍ണര്‍ തന്റെ അധികാരം പ്രയോഗിക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ ഉള്‍പ്പെടെ 22 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവച്ചിരിക്കുന്നത്. ഇവരെ ബംഗളുരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. ജ്യോതിരാധിത്യ സിന്ധ്യയും കമല്‍നാഥും തമ്മിലുള്ള ചേരിപ്പോരാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പതനത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നത്. എം.എല്‍.എമാരെ കൂറുമാറ്റിച്ച് മറുകണ്ടം ചാടിച്ചതിന് പ്രതിഫലമായി ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവുമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്.






