
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം സംഘടിപ്പിച്ച റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.
രജിത് കുമാറിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. വിലക്ക് ലംഘിച്ച് വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാംപ്രതി. അധ്യാപകന് കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് തന്നെ സ്വീകരിക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ മറ്റ് കുട്ടികളെ വിളിച്ചു. ഇത്തരത്തില്‍ ഒന്‍പത് മണിയോടെ വിമാനത്താവളത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയപ്പോഴാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ പോലും ഇക്കാര്യം അറിയുന്നത്.
സംഭവ ശേഷം ആലുവയിലെ ലോഡ്ജിലായിരുന്നു രജിത്കുമാര്‍ തങ്ങിയിരുന്നത്. അന്വേഷണം തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ കടന്നുകളഞ്ഞു. കേസില്‍ ഇന്നലെ രണ്ടുപേരെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ പേരറിയാവുന്ന നാലുപേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരുന്നത്. വിമാനത്താവളത്തിന് 500 മീറ്റര്‍ പരിധിയില്‍ പ്രകടനമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘം ചേര്‍ന്ന് മുദ്രാവാക്യം മുഴക്കിയതിനുമാണ് കേസെടുത്തത്.






