
ബ്രിട്ടിഷ് രാജകുടുംബത്തിലെ ദമ്പതിമാരായ വില്യം രാജകുമാരന്റെയും ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെയും മക്കളാണ് ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയിസ്. 38കാരിയായ കെയ്റ്റ് മിഡില്‍ടണിനെ 'കൂള്‍ മദര്‍' എന്നാണ് ലോകം വിളിക്കുന്നത്. എന്നാല്‍ ജോലി ചെയ്യുന്ന അമ്മയായതിനാല്‍ കുട്ടികളെ ശരിയായ രീതിയില്‍ നോക്കാന്‍ സാധിക്കാറില്ലെന്ന് പറയുകയാണ് കെയ്റ്റ്. 'ഹാപ്പി ബേബി, ഹാപ്പി മമ്മി' എന്ന പരിപാടിയിലായിരുന്നു കെയ്റ്റിന്റെ വെളിപ്പെടുത്തല്‍.
'' മക്കള്‍ക്കു വേണ്ടി എന്തു ചെയ്യുമ്പോഴും ഏറ്റവും ഭംഗിയായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. രാജകുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം തന്നെയാണ് അമ്മയെന്ന കടമയും നിറവേറ്റുന്നത്. അവരെ സ്കൂളില്‍ കൊണ്ടു പോയി ആക്കാന്‍ കഴിയാത്തതില്‍ എനിക്ക് വലിയ വിഷമം തോന്നാറുണ്ട്. ചിലപ്പോഴൊക്കെ അമ്മ സ്കൂളില്‍ കൊണ്ടു പോയി ആക്കാമോ എന്ന് അവര്‍ ചോദിക്കും. നഴ്സറിയില്‍ പോകുന്ന ജോര്‍ജും ഷാര്ലറ്റുമാണ് ഈ ചോദ്യം ഉന്നയിക്കാറുള്ളത്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെ അവരുടെ നല്ല അമ്മയാകാന്‍ എനിക്ക് സാധിക്കാറില്ല.
അമ്മയാകുക എന്നത് അഭിമാനവും അനുഗ്രഹവുമാണ്. അമ്മയുടെ ചിന്തകളും സ്വഭാവവുമാണ് കുഞ്ഞുങ്ങളെ സ്വാധീനിക്കുക എന്നത് വ്യക്തമായി അറിയാം. ഗര്‍ഭിണിയായിരുന്ന കാലത്തു തന്നെ വ്യത്യസ്തമായ പലകാര്യങ്ങളും ഞാന്‍ ചെയ്തിരുന്നു. അതിന്റെ പ്രാധാന്യം ഇപ്പോള്‍ എനിക്ക് അറിയാം. നല്ല തലമുറയ്ക്കായി നമ്മള് പ്രയത്നിക്കേണ്ടതുണ്ട്. ഗര്‍ഭിണിയായിരുന്ന കാലത്ത് പലതരത്തിലുള്ള വിഷമങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാദിവസവും രാവിലെ നല്ല ക്ഷീണമായിരിക്കും. ഛര്‍ദി എന്നെ വല്ലാതെ തളര്‍ത്തി. അക്കാലത്ത് ശരീരഭാരം വളരെ കുറഞ്ഞത് എന്നെ കൂടുതല്‍ ക്ഷീണിതയാക്കി.
അതുകൊണ്ടു തന്നെ ഗര്‍ഭകാലത്ത് ഞാന്‍ സന്തോഷവതിയായിരുന്നില്ല. ഇതുപോലുള്ള മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന നിരവധി സ്ത്രീകള്‍ നമുക്കു ചുറ്റിലും ഉണ്ട്. സത്യത്തില്‍ ആ സമയം എനിക്കും എന്റെ പ്രിയപ്പെട്ടവര്‍ക്കും വെല്ലുവിളിയായിരുന്നു. അഴുകിയ കാലം എന്നു വേണമെങ്കില്‍ ഗര്‍ഭകാലത്തെ എനിക്ക് വിശേഷിപ്പിക്കാം. ശരീരത്തെക്കാള്‍ മാനസീകാരോഗ്യമാണ് പ്രധാനമെന്ന് അക്കാലത്ത് ഞാന്‍ തിരിച്ചറിഞ്ഞു. യോഗയും മറ്റു വ്യായാമങ്ങളും സുഖപ്രസവത്തിനു കാരണമായി. എല്ലാ ഗര്‍ഭകാലവും ഒരുപോലെയല്ല. എല്ലാ ജനനവും ഒരുപോലെയല്ല. ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നത് എത്ര മഹത്തായ കാര്യമാണ്.'' - കെയ്റ്റ് പറഞ്ഞു






