
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട നാലു പ്രതികളിലൊരാളായ മുകേഷ് സിങ്ങ് വില്പത്രത്തില് എഴുതിയത് ശരീരം ദാനം ചെയ്യണമെന്ന്്. മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മ പെയിന്റിങ്ങ് ദാനം ചെയ്യണമെന്നും ആഗ്രഹിച്ചപ്പോള്‍ മറ്റ് രണ്ട് പ്രതികള്‍ നിശ്ശബ്ദരായിരുന്നു.
ഫെബ്രുവരിയില്‍ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോള്‍ നാലു പേരും അന്ന് നിശബ്ദരായിരുന്നു. ജനുവരിയില്‍ വില്പത്രങ്ങളെഴുതാന് പ്രതികള്‍ വിസമ്മതിച്ചിരുന്നു. വധശിക്ഷ നീട്ടിവെച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികള്‍ അവസാന ദിവസം വരെ.
പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കാന്‍ അഭിഭാഷകര്‍ വ്യാഴാഴ്ച രാവിലെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്പതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. ഈ ഹര്‍ജി തള്ളിയതോടെ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചു. അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതി വീണ്ടും വാദം കേട്ടുവെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു. പുലര്‍ച്ചെ 5.30 ഓടെ രാജ്യം കാത്തിരുന്ന വിധി നടപ്പിലാകുകയും ചെയ്തു.
പ്രതികള്‍ ജയിലില്‍ വച്ച് സമ്പാദിച്ച തുക ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയ് കുമാര്‍ 69000 രൂപയാണ് ഇതുവരെ സമ്പാദിച്ചത്. പവന് കുമാര്‍ ഗുപ്ത 39000 രൂപയും ജയിലില്‍ വച്ച് സമ്പാദിച്ചിരുന്നു.






