
ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ നാലു കുറ്റവാളികളുടെയും വധശിക്ഷ നടപ്പാക്കിയതില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്തെത്തി. നീതി നടപ്പായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ പ്രതികരണം. സ്ത്രീകളുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നതിനാണ് ഏറ്റവും പ്രാധാന്യം. എല്ലാ മേഖലയിലും നമ്മുടെ സ്ത്രീശക്തി അതിശയകരമാണ്. സ്ത്രീ ശാന്തികരണത്തിന് ശ്രദ്ധ നല്കുന്ന ഒരു രാജ്യമാണ് പടുത്തുയര്‍ത്തേണ്ടത്. അവിടെ തുല്യതയ്ക്കും അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. നീതിന്യായ സംവിധാനത്തിലെ പിഴവുകള്‍ തിരുത്തുമെന്ന് അധികാരികളും നിയമം നടപ്പാക്കുന്നവും ഉറപ്പാക്കണമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ രാജ്യത്തിന്റെയും വിജയമെന്ന് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ഇപ്പോഴും ശക്തമായ സംവിധനത്തിന്റെ ആവശ്യമാണ് ഇത് കാണിക്കുന്നത്.-മലിവാള്‍ പറഞ്ഞൂ. അവളുടെ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെടുമെന്ന് ആവും ചിന്തിച്ചിട്ടില്ല. നീതി നടപ്പാക്കപ്പെട്ടുവെന്ന് നിര്‍ഭയയ്ക്ക് നീതി ലഭ്യമാക്കാന്‍ പോരാടിയ അഭിഭാഷകന് പറഞ്ഞു.
ഏറെ വേദന സഹിച്ച് കടന്നുപോയ മകളെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആഷ ദേവി പറഞ്ഞു. മകള്‍ക്ക് ജന്മം നല്‍കിയെങ്കിലും അവളെ സംരക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ നീതി നടപ്പായിരിക്കുന്നു. -അവര്‍ കൂട്ടിച്ചേര്‍ത്തു. ശിക്ഷ നടപ്പാക്കിയതില്‍ രാജ്യമെമ്പാടും ആഘോഷിക്കുകയാണെന്ന് നിര്‍ഭയയുടെ പിതാവ് പറഞ്ഞു. പോരാട്ടം ഏറെ നീണ്ടു. നീതി വൈകിപ്പിക്കുന്നതില്‍ നിരവധി തന്ത്രങ്ങള്‍ അവര്‍ പുറത്തെടുത്തുവെന്നും പിതാവ് പറഞ്ഞു.
പുലര്‍ച്ചെ 5.30നാണ് വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, മുകേഷ് സിംഗ്, പവന് കുമാര്‍ എന്നിവരുടെ വധശിക്ഷ തിഹാര്‍ ജയലില്‍ നടപ്പാക്കിയത്. അരമണിക്കൂറോളം ശരീരം കയറില്‍ തൂക്കിയിട്ടാണ് മരണം ഉറപ്പാക്കിയത്. ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. കുറ്റവാളികള്‍ നാലു പേര്‍ക്കും കഴിഞ്ഞരാത്രി ഉറക്കമില്ലായിരുന്നു. അന്ത്യാഭിലാഷവും അവര്‍ പ്രകടിപ്പിച്ചില്ല.







Comments