
ന്യൂഡല്‍ഹി: ''എന്റെ മകളാണ് രാത്രിയില്‍ ഈ രീതിയില്‍ അഴിഞ്ഞാടി നടക്കുകയും വിവാഹപൂര്‍വ്വ ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതെങ്കില്‍ ഒരു കന്നാസ് പെട്രോള്‍ ഒഴിച്ച് കത്തിച്ചേനെ.'' വധശിക്ഷ നടപ്പായ നിര്‍ഭയാ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ നാലുപേരുടെയും അവസാന ശ്വാസം വരെ പോരാടിയ പ്രതികളുടെ അഭിഭാഷകന് അഡ്വ. അജയ് പ്രകാശ് സിംഗ് 2013 ല്‍ വിചാരണ കോടതിയില്‍ നടത്തിയ പരാമര്‍ശമായിരുന്നു ഇത്.
പ്രതികളുടെ ജീവന് രക്ഷിക്കാന്‍ ശിക്ഷ നടപ്പാക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വരെ അജയ് പ്രകാശ് എന്ന അഡ്വക്കേറ്റ് എ പി സിംഗ് കോടതിയോട് കെഞ്ചിയിരുന്നു. കോവിഡ് 19 കാരണം വേണ്ട രേഖകള്‍ സമയത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടി വധശിക്ഷ നീട്ടി വെയ്ക്കൂ. രാത്രി ചില രേഖകളുടെ ഫോട്ടോ കോപ്പി എടുക്കാന്‍ കഴിഞ്ഞില്ല. അക്കാര്യത്തിന് കൂടി സമയം നല്കി ശിക്ഷ ഏതാനും ദിവസത്തേക്ക് കൂടി നീട്ടി വെയ്ക്കാന്‍ അദ്ദേഹം ഇന്നലെ ആവശ്യപ്പെട്ടു.
ഇന്ത്യ കണ്ട ഏറ്റവും ക്രൂരന്മാരായ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ എത്തിയ എ പി സിംഗ് വിചാരണയ്ക്ക് ഇടയില്‍ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായ നിര്ഭയെ അപമാനിക്കാനും മോശക്കാരിയാക്കി ചിത്രീകരിക്കാനുമായിരുന്നു ശ്രമം നടത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍ഭയയുടെ മാതാവ് ആശാദേവിയെ അപമാനിക്കുന്ന പ്രസ്താവന നടത്താനും എ പി സിംഗിന് ലജ്ജയുണ്ടായില്ല.
''അവര്‍ സഹോദരനും സഹോദരിയും ആയിരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ അര്‍ദ്ധരാത്രി വരെ ഈ പെണ്‍കുട്ടി ചെറുപ്പക്കാരനുമായി എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് അമ്മയാണ്. എന്തായാലും രാഖി കെട്ടാനാണ് രാത്രിയില്‍ പോയെന്ന് കരുതാനാകില്ല. ഈ നഗരത്തിന് ഒരു പാതിരാ സംസ്ക്കാരമുണ്ട്. അതിനെ പരിഷ്ക്കാരമെന്ന് നിങ്ങള്‍ പറയുമെങ്കിലൂം എനിക്ക് അതിന് മറ്റൊരു വ്യാഖ്യാനമാണുള്ളത്.'' എന്നായിരുന്നു പ്രതികരണം.
തന്റെ കക്ഷികളുടെ കഴുത്തില്‍ അടുത്ത കാലത്തൊന്നും മരണക്കുടുക്ക് ഇടാമെന്ന് വ്യാമോഹിക്കേണ്ടെന്നായിരുന്നു ജനുവരി 31 ന് ആശാദേവിയോട് എ പി സിംഗ് പറഞ്ഞത്. പ്രതികളെ രക്ഷിക്കാനും ശിക്ഷ നീട്ടിക്കൊണ്ടുപോകാനും എ പി സിംഗിന് ഏഴു വര്‍ഷവും മൂന്ന് മാസവും കഴിയുകയും ചെയ്തു. ഇതിനായി അന്താരാഷ്ട്ര കോടതി വരെ പോകാന്‍ പ്രതികള്‍ക്ക് ആത്മവിശ്വാസം നല്‍കാനും സിംഗിനായി. ഇന്നലെ പുലര്‍ച്ചെ 2.50 ന് സുപ്രീംകോടതി അവസാനം പരിഗണിച്ചത് പവന്‍ഗുപ്തയുടെ രണ്ടാം ദയാഹര്‍ജിയായിരുന്നു. സുപ്രീംകോടതി ഇത് പരിഗണിക്കുമ്പോള്‍ പവന്‍ഗുപ്ത ഉള്‍പ്പെട്ട നാലംഗ കഴുകന്മാര് കഴുമരത്തിന്റെ തൊട്ടടുത്തയിരുന്നു.
എപി സിംഗ് ഉയര്‍ത്തിയ എല്ലാ വാദഗതികളും ജസ്റ്റീസുമാരായ ആര്. ഭാനുമതി, അശോക്ഭൂഷണ്‍, എ എസ് ബൊപ്പണ്ണ ബഞ്ച് തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ പവന് ഗുപ്തയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതി കര്‍ക്കര്‍ ദൂപ കോടതിയില്‍ പരിഗണനയിലാണെന്ന വാദിച്ചു. അവസാന കച്ചിത്തുരുമ്പ് ബന്ധുക്കളെ കാണാന്‍ പ്രതിയെ അനുവദിക്കണമെന്നതായിരുന്നു. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന് ഗുപ്ത എന്നിവരുടെ വക്കാലത്തായിരുന്നു സിംഗിന്.
''നിങ്ങളുടെ കക്ഷിയെ ദൈവത്തിന്റെ അടുക്കലെത്തിക്കുന്നതിനു തൊട്ടടുത്താണു ഞങ്ങള്‍. ദയവ് ചെയ്ത് ഞങ്ങളുടെഞങ്ങളുടെ വിലയേറിയ സമയം നിങ്ങള്‍ പാഴാക്കാതിരിക്കൂ.'' വ്യാഴാഴ്ച രാത്രി ന്യൂഡല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ജഡ്ജുമാരായ ജസ്റ്റിസ് മന്മോഹന്റെയും ജസ്റ്റിസ് സഞ്ജീവ് നരൂലയുടെയും മുന്നിലെത്തിയ ഹര്‍ജിയില്‍ ബെഞ്ചിന്റെ പ്രതികരണം ഇപ്രാകാരമായിരുന്നു.






