
ന്യൂഡല്‍ഹി: മലേഷ്യയിലെ ക്വാലാലംപൂരില്‍ കുടുങ്ങിയ 104 ഇന്ത്യാക്കാരെ ഇന്ന് തിരികെയെത്തിക്കും. ഇതിനായി എയര്‍ ഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് ക്വാലാലംപൂരില്‍ എത്തും. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ 104 പേരെയാണ് നിലവില്‍ തിരിച്ചെത്തിക്കുക. ബാക്കിയുള്ളവരോട് തല്ക്കാലം അവിടെ തന്നെ തങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇവര്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷന് ഹോട്ടല്‍ സൗകര്യം നല്‍കും. ഇവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെയും തിരിച്ചെത്തിക്കും.
ഇന്ന് പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിയില്‍ കുടുങ്ങിയ മലേഷ്യക്കാരെ കയറ്റിക്കൊണ്ടുപോകും. അവരെ ഇറക്കിയ ശേഷമാകും ഇന്ത്യക്കാരുമായുള്ള മടക്കയാത്ര. മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് എയര്‍ ഏഷ്യാ വിമാനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഒന്ന് ഡല്‍ഹിയിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് അനുവദിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്ത്തിയയോടെയാണ് നൂറുകണക്കിന് ഇന്ത്യക്കാര്‍ മലേഷ്യയില്‍ കുടുങ്ങിയത്.






