
തിരുവനന്തപുരം: കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെക്കൊണ്ട് ഏത്തമീടിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന് ചേരാത്ത നടപടിയാണ് എസ്.പിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോലീസിന്റെ യശസിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കളങ്കമേല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നാടിന് ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നേരിട്ട് ചിലരെ ഏത്തമിടീക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ആഭ്യന്തര സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ യശസിനെ ഇത് ബാധിക്കും. പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍. അതിന് നാട്ടില്‍ സ്വീകാര്യതയുണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന നടപടി ഉണ്ടാകരുത്- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് യതീഷ് ചന്ദ്രയോട് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ അഴീക്കലില്‍ കടയില്‍ ഇരുന്ന മൂന്ന് പേരെയാണ് യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. സര്‍ക്കാര്‍ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. ഇനി ആരോഗ്യ വകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരിക്കാമെന്ന് അവരെക്കൊണ്ട് എഴുതി വാങ്ങിക്കുകയും ചെയ്തു.






