
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കൊറോണ വാര് റൂം സുസജ്ജമായി. അന്യസംസ്ഥാനതൊഴിലാളികളുടെ പ്രശ്നങ്ങള്‍, ചരക്കുനീക്കം, ഗതാഗതം, ഫിനാന്‍സ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസം, ഭക്ഷണം തുടങ്ങിയവയുടെ പരാതിപരിഹാരത്തിന് പ്രണബ് ജ്യോതിനാഥ്, കെ. ജീവന്‍ബാബു എന്നിവര്‍ മേല്‍നോട്ടം വഹിക്കും. വാര് റൂമില്‍ ദിവസേന രാവിലെ 10 നും വൈകിട്ട് 5 നും അവലോകനയോഗങ്ങളുണ്ടാകും.
ഹരിത വി. കുമാര്‍, ജോഷി മൃണ്മയി ശശാങ്ക്, കെ. ഇമ്പശേഖര്‍ എന്നിവര്‍ തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗതാഗത ചരക്കുനീക്കത്തിന് മേല്‍നോട്ടം വഹിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളുടെ ചുമതലയും ഇവര്‍ക്കാണ്.
അന്തര്‍സംസ്ഥാന - ജില്ലാ ഗതാഗതത്തിന്റെയും ചുമതല ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിനാണ്. ഫിനാന്‍സ് എക്സ്പെന്‍ഡിച്ചര്‍, പോര്‍ട്ട് സെക്രട്ടറി സഞ്ജയ് കൗളിനാണ് ചരക്കുനീക്കത്തിന്റെയും വിതരണ ശൃംഖലാ മാനേജ്മെന്റിന്റെയും മൊത്തത്തിലുള്ള ചുമതല.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗതാഗതവും ചരക്കുനീക്കവും പി.ഐ. ശ്രീവിദ്യ, ജീവന് ബാബു, എസ്. ചന്ദ്രശേഖര്‍ എന്നിവര്‍ കൈകാര്യം ചെയ്യും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളുടെ ചുമതലയും ഇക്കാര്യത്തില്‍ ഇവര്‍ തന്നെ കൈകാര്യം ചെയ്യും.
ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ റൊട്ടേഷന്‍ ക്രമത്തിലാകും ഡ്യൂട്ടിക്ക് ഹാജരാകുക. വാര് റൂം ഡ്യൂട്ടിയിലുള്ളവര്‍ക്ക് ലോഗ് ബുക്ക് ക്രമീകരിക്കും. വാര് റൂം ജീവനക്കാര്‍ക്ക് ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കും. ദിവസേനയുള്ള അവലോകനയോഗങ്ങള്ക്കായി വിവിധ വകുപ്പുകളുടെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഏകോപിപ്പിച്ച് തയാറാക്കണം. സെക്രട്ടേറിയറ്റ് പൊതുഭരണ (ഹൗസ് കീപ്പിംഗ്) വിഭാഗം ദിവസം നാലുനേരമെങ്കിലും വാര് റൂം സാനിറ്റൈസ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനുള്ള ജീവനക്കാരെ പൊതുഭരണ വകുപ്പ് നല്‍കണം.






