
പനാജി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഗോവയില്‍ അകപ്പെട്ടുപോയ നടി നഫീസ അലിക്ക് പിന്തുണ നല്കി ഗോവ സര്‍ക്കാര്‍. നഫീസയും മകളും ഗോവയിലാണുള്ളത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ള താരം ലോക്ക്ഡൗണിനെ തുടര്‍ന്ന് മരുന്ന് ലഭിക്കാത്തതിനാല്‍ മരുന്നിനായി അലയുകയായിരുന്നു. സംഭവം അറിഞ്ഞ അധികൃതര്‍ നഫീസയ്ക്കുള്ള മരുന്ന് എത്തിച്ചു നല്കി. ഗോവ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അധികൃതര്‍ നഫീസയെ സന്ദര്‍ശിച്ചു.
നഫീസയെ സംഘം സന്ദര്‍ശിച്ചുവെന്നും തുടര്‍ന്നുള്ള സഹായങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തതായും സിഎംഒ ട്വീറ്റ് ചെയ്തു. നഫീസയെ സന്ദര്‍ശിക്കുന്ന ഒരു ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹിക അകലം പാലിക്കപ്പെടുന്ന ഒരു ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗോവയില്‍ മകള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മരുന്ന് ലഭിക്കാന്‍ പ്രയാസമാണെന്നും നഫീസ പിടിഐയോട് പറഞ്ഞിരുന്നു.
ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ച വളരെ ദുര്‍ഘടമായിരുന്നു. എന്നാലിപ്പോള്‍ ചില കടകള്‍ തുറക്കുന്നുണ്ട്. വെള്ളം, പച്ചക്കറി ഇവയൊക്കെ ലഭിക്കുക ഈ ഒരു സാഹചര്യത്തില്‍ പ്രയാസമാണെന്നും നടി പറഞ്ഞു. പോലീസ് തടയുന്നതിനാല്‍ പുറത്തിറങ്ങാനും സാധിക്കുന്നില്ലെന്ന് അവര്‍ പിടിഐയോട് പറഞ്ഞു. ഡല്‍ഹിയിലാണ് താരം താമസിക്കുന്നത്. എന്നാല്‍, ഒരാഴ്ച മകള്‍ക്കൊപ്പം താമസിക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു. അതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടായത്.
'എന്റെ മരുന്ന് കഴിയാറായി. കാന്‍സര്‍ ട്രീറ്റ്മെന്റിനുള്ള മരുന്നുകളാണ്. ഡല്‍ഹിയിലെ വീട്ടിലാണ് മരുന്നുള്ളത്. കൊറിയര്‍ സേവനവും ഇല്ലാത്തതിനാല്‍ അവര്‍ക്ക് മരുന്ന് അയക്കാനും സാധിക്കില്ല. മരുന്ന് തീരുന്നത് വരെ കഴിക്കും. ഈ അവസ്ഥയില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് അറിയാം. ഇവിടെ മരുന്ന് കിട്ടുന്നുമില്ല.' നഫീസ പറഞ്ഞു. തുടര്‍ന്നാണ് നഫീസയ്ക്ക് മരുന്നെത്തിച്ച് നല്കാന് ഗോവ സര്‍ക്കാര്‍ എത്തിയത്.






