
ന്യൂയോര്‍ക്ക്: കോവിഡ് 19 അതിവേഗം പടര്‍ന്നു പിടിക്കുകയും മരണനിരക്ക് അനുദിനം ഉയരുകയും ചെയ്യുന്ന അമേരിക്കയില്‍ മൃതദേഹം സൂക്ഷിക്കാന്‍ ഒരു ലക്ഷം ബോഡി ബാഗുകള്‍ സജ്ജമാക്കാന്‍ സൈന്യത്തിന് നിര്‍ദേശം. നിലവില്‍ 5000 ലധികം പേര് മരണത്തിന് കീഴടങ്ങിയിരിക്കുന്ന അമേരിക്കയില്‍ രണ്ടര ലക്ഷം പേരെങ്കിലും കൊറോണ ബാധിച്ച് മരണമടയുമെന്നാണ് വിദഗ്ദ്ധര്‍ നല്കുന്ന സൂചന. രാജ്യം നേരിടുന്ന ദുരന്തമുഖം കൂടുതല്‍ ഭീകരമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തോളം ബോഡി ബാഗുകള്‍ സജ്ജമാക്കുകയാണ് പെന്റഗണ്‍.
ഇതുവരെ അമേരിക്കയില്‍ രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 5,350 ആണ്. ഒരു ലക്ഷത്തിലധികം ബോഡി ബാഗുകള്‍ സജ്ജമാക്കാനാണ് ദുരന്ത നിവാരണ ഏജന്‍സി നല്‍കിയിരിക്കുന്ന അഭ്യര്‍ത്ഥന. മരണസംഖ്യ ഇനിയും ഉയര്‍ന്നാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ നിലവിലുള്ള മോര്‍ച്ചറികള്‍ മതിയാകാതെ വരുന്ന സാഹചര്യം മറികടക്കാനാണ് ബോഡി ബാഗുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പെന്റഗണ്‍ ഇതിനകം നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന് വേണ്ടി ബോഡിബാഗുകള്‍ നിര്‍മ്മിച്ച് നല്കുന്ന കമ്പനിയുമായി കരാറില്‍ ഉടന്‍ ഒപ്പിടും.
യുദ്ധകാലത്ത് മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ് ബോഡി ബാഗുകള്‍ സൈന്യം ഉപയോഗിക്കുന്നത്. യുദ്ധകാലത്തിന് സമാനമായ അവസ്ഥയാണ് അമേരിക്ക ഇപ്പോള്‍ നേരിടുന്നത്. അമേരിക്കയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബോഡി ബാഗുകള്‍ നിര്‍മ്മിച്ച് കിട്ടുന്നത് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറും. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അമേരിക്കയില്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം പേര് വരെ മരിച്ചേക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത രണ്ടാഴ്ച മരണസംഖ്യ ഉയര്‍ന്ന നിലയില്‍ എത്തുമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കര്‍ശനമായി പാലിക്കാനുമാണ് ട്രംപ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്.






