
ന്യൂഡൽഹി : കളിക്കളങ്ങളെല്ലാം നിശ്ചലമായതോടെ താരങ്ങളെല്ലാം വീട്ടിലിരിപ്പാണ്. ഒഴിവുസമയം എങ്ങനെ ചെലവഴിക്കണമെന്നാണ് പലരും തലപുകഞ്ഞാലോചിക്കുന്നത്. ലൈവ് വീഡിയോ കോളും പാചകവും വായനയുമെല്ലാമാണ് ഇവർക്കെല്ലാം ആശ്വാസം നൽകുന്നത്.
ഇത്തരത്തിൽ കോഹ്ലിയും പീറ്റേഴ്സണും ഇൻസ്റ്റഗ്രാം ലൈവിലൂടെ സംസാരിക്കാൻ സമയം കണ്ടെത്തി. കൊറോണ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരുടേയും സംസാരത്തിൽ കടന്നുവന്നു. ഈ ലൈവ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പീറ്റേഴ്സൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.
അതിൽ രസകരമായ ഒരു കാര്യമുണ്ട്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയുടെ കമന്റാണിത്. സംസാരം നിർത്തിക്കോളൂ, ഡിന്നറിനുള്ള സമയമായി എന്നാണ് അനുഷ്ക കമന്റ് ചെയ്തത്. 'ബോസ്' എന്ന് അനുഷ്കയെ വിശേഷിപ്പിച്ചാണ് പീറ്റേഴ്സൺ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.






