
ന്യൂഡല്‍ഹി: രാജ്യത്ത് അനേകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ ഒളിവില്‍. ഇവരെ കണ്ടെത്താന്‍ വിവിധ മുസ്ളീം പള്ളികള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഡല്‍ഹിപോലീസ് നാളെ തുടങ്ങും. കോവിഡ് ബാധിച്ച് മരണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ 9000 പേരെയെങ്കിലും നിരീക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടി വരുമെന്നിരിക്കെയാണ് വിദേശികള്‍ ഒളിവില്‍ പോയത്. ഇവരെ ഉടന്‍ കണ്ടെത്തി നിരീക്ഷണത്തിനായി മാറ്റേണ്ടത് അനിവാര്യമായിരിക്കുകയാണ്.
നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത അനേകര്‍ക്ക് രാജ്യത്തുടനീളം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്തണം എന്ന സ്ഥിതിയിലാണ് ഒളിവില്‍ പോയവര്‍ക്കായി തെരച്ചില്‍ തുടങ്ങുന്നത്. മാര്‍ച്ച് മാസം നടന്ന മൂന്ന് ദിവസ പരിപാടിയില്‍ 2100 വിദേശ പ്രതിനിധികള്‍ നിസാമുദ്ദീനില്‍ എത്തിയിരുന്നു എന്നാണ് വിവരം. ഇവരില്‍ 216 പേര് ഇവിടെയുണ്ട്. 16 പേരെയെ ഒഴിപ്പിക്കാനായിട്ടുള്ളൂ. എന്നാല്‍ 200 പേര് നിരീക്ഷണത്തിന് തയ്യാറാകാതെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി ഒളിവിലാണ്.
പ്രാദേശിക നേതാക്കളും മത നേതാക്കളുടെയും നേതൃത്വത്തില്‍ ഇവരെ ആരാധനാലയങ്ങളില്‍ ഒളിവില്‍ പാര്പ്പിച്ചിട്ടുണ്ടെന്നതിന്റെ കൃത്യമായ വിവരം ഡല്‍ഹി പോലീസിന്റെ കയ്യിലുണ്ട്. ഇതേ തുടര്‍ന്ന് 16 ആരാധനാലയങ്ങള്‍ എങ്കിലും പരിശോധന നടത്തേണ്ടി വരും. ഒളിവില്‍ പോയിരിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും കോവിഡ് ബാധ ഉള്ളതായി സംശയിക്കുന്നു. ഇവരുമായി സമ്പര്‍ക്കപ്പെടുന്ന മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്.
ഇവരെ നാളെ മുതല്‍ കസ്റ്റഡിയില്‍ എടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പരിപാടിയില്‍ പങ്കെടുത്ത 386 പേരെയാണ് ഇതുവരെ പോലീസിന് കണ്ടെത്താനായത് . അതില്‍ 259 പേരും രോഗികളാണ്. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. പങ്കെടുത്ത 647 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.
അതിനിടയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും ബുദ്ധിമുട്ടിക്കുകയാണ്. ഇവര്‍ ചികിത്സയോട് സഹകരിക്കുന്നില്ല എന്നാണ് വിവരം. വനിതാ ജീവനക്കാരോട് മോശമായി പെരമാറുന്നു എന്നും വിവരമുണ്ട്. കടുത്ത മതവികാരമായി മാറിയേക്കാവുന്ന കേസില്‍ സംരക്ഷണം വേണമെന്ന് ഡല്‍ഹി പോലീസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിസാമുദ്ദീൻ തബ്ലീഗ് മസ്ജിദിൽ തങ്ങിയവരെ ഒഴിപ്പിക്കാൻ നേതൃത്വം നൽകിയ ഡൽഹി പൊലീസിലെ 14 പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്.
യുപിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരിൽ 42 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതേസമയം പത്തനംതിട്ടയില്‍ ഇന്ന് പുറത്തുവന്ന പരിശോധനാ ഫലങ്ങളില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഏഴു പേര്‍ക്കും കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.






