
കൊല്‍ക്കത്ത : കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയം സത്യവും ആധികാരികവുമായ വാര്‍ത്തകള്‍ അറിയാന്‍ പത്രങ്ങളെ ആശ്രയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. എല്ലാവരും കൃത്യമായി പത്രം വായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
''ലോക്ക്ഡൗണിനെ തുടര്‍ന്ന് നമ്മളെല്ലാം വീടുകളില്‍ കുടുങ്ങിപ്പോയ അവസ്ഥയിലാണ്. ഈ സമയത്ത് സത്യവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമേ നിങ്ങളുടെ അടുത്തേക്ക് എത്താന്‍ പാടുള്ളൂ. പത്രങ്ങളിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. ഞാന്‍ എല്ലാ ദിവസവും പത്രം വായിച്ചും വാര്‍ത്തകള്‍ കണ്ടുമാണ് ഞാനും സമകാലിക വിവരങ്ങള്‍ അറിയുന്നത്'', ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.
നിരവധി വ്യാജ വാര്‍ത്തകളും മറ്റും കോവിഡ് കാലത്ത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ വാക്കുകള്‍. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവയിലേറെയും പ്രചരിക്കുന്നത്. 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന വ്യാജ പ്രചാരണമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴിയാണ് ഈ വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഇതിന്റെ അനന്തരഫലമായി ശനിയാഴ്ച യു.കെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു.






