
ബാംഗളൂര്‍ : ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് റോബിന് ഉത്തപ്പ. ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള കരുത്ത് തന്നില്‍ അവശേഷിക്കുന്നുണ്ടെന്നും മത്സരബുദ്ധിയോടെ പിടിച്ചുനില്‍ക്കാനും എല്ലാം നന്നായി ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും ഉത്തപ്പ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ താരമാണ് ഉത്തപ്പ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വീട്ടിലാണ് ഇപ്പോഴുള്ളത്.
ഇപ്പോഴും എന്റെ ഉള്ളില്‍ ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള കരുത്ത് അവശേഷിക്കുന്നുണ്ട്. മത്സരക്രിക്കറ്റിന് ആവശ്യമായ തീ ഇപ്പോഴും എന്റെയുള്ളിലുണ്ട്. ടീമിലേക്ക് തിരിച്ചെത്തുക എന്നതില്‍ ദൈവാനുഗ്രഹവും വലിയ ഘടകമാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ സാഹചര്യങ്ങളില്‍. ഇവിടെ പ്രതിഭാധനരായ താരങ്ങള്‍ ഒട്ടേറെയുള്ളതിനാല്‍ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ദേശീയ ടീമില്‍ ഇടം പിടിക്കുക. ഉത്തപ്പ വ്യക്തമാക്കി.
ഒരിക്കലും സ്വയം എഴുതിത്തള്ളരുതെന്നും അത് നിങ്ങള്‍ നിങ്ങളോടുതന്നെ ചെയ്യുന്ന നീതികേടാകുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. 2007 ഏകദിന ലോകകപ്പിലും അതേ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിലും കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഉത്തപ്പ. ആ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുകയും ചെയ്തു. 2006-ല്‍ ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയ ഉത്തപ്പ 46 ഏകദിനങ്ങളും 13 ട്വന്റി-20യും കളിച്ചു. 2015-ലാണ് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമായി കളിച്ചു.






