
തിരുവനന്തപുരം: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് നേതാവുമായ ടി വി ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം സംഭവിച്ചത്. ഗുരുതരാവസ്ഥയില്‍ ഇന്നലെ രാത്രി ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
തൃശൂര്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെയും അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തിന്റെയും മുന്‍ പ്രസിഡന്റ് ആയിരുന്നു.കടങ്ങോട് പട്ടയഭൂമിക്ക് വേണ്ടിയുള്ളത് ഉള്‍പ്പെടെ ഒട്ടേറെ സമരങ്ങളുടെ അമരക്കാരനായിരുന്ന ഇദ്ദേഹം 2015 ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി.
1995-2005 കാലയളവില്‍ രണ്ട് തവണയായി ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതല്‍ 2008 വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപിഐ യുടെ മുന്‍ നേതാവായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്‍ഡിഎയ്ക്ക് ഒപ്പമാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തിലും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലും മത്സരിച്ചു.
തൃശൂര്‍ താലൂക്കിലെ ഇഞ്ചമുടി വില്ലേജില്‍ മാട്ടുമ്മലില്‍ കര്‍ഷക തൊഴിലാളികളായ തെക്കുംപാടന്‍ വേലായുധന്റേയും തങ്കമണിയുടേയും മൂത്തമകനായ ടി.വി. ബാബു കെപിഎംഎസ് കുറുമ്പിലാവ് ശാഖ സെക്രട്ടറി പദം ഏറ്റെടുത്താണ് പൊതുജീവിതം ആരംഭിച്ചത്. പിന്നീട് കെപിഎംഎസ് തൃശൂര്‍ യൂണിയന് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി, ഏഴ് വര്‍ഷം സംസ്ഥാന പ്രസിഡന്റ്, മൂന്ന് വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപദേശക സമിതി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.






