
ലണ്ടന്‍: അറസ്റ്റ് ഭയന്ന് ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞ വേളയില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് രണ്ടു കുട്ടികളുടെ പിതാവായെന്നു വിവരം.
അസാന്‍ജിന്റെ അഭിഭാഷകയായ സെ്റ്റല്ലാ മോറിസുമായുള്ള ബന്ധത്തിലാണ് കുട്ടികള്‍ പിറന്നത്. ഇരുവരും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണു സൂചന. ചാരവൃത്തി കേസില്‍ യു.എസിന്റെ നോട്ടപ്പുള്ളിയായ അസാന്‍ജ് നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്.
വിചാരണയ്ക്കായി അസാന്‍ജിനെ വിട്ടുകിട്ടണമെന്ന യു.എസിന്റെ ആവശ്യം ബ്രിട്ടീഷ് കോടതിയുടെ പരിഗണനയിലാണ്. അതേസമയം, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജയിലില്‍ കഴിയുന്നത് അസാന്‍ജിന്റെ ജീവന് അപകടത്തിലാക്കുമെന്ന കണക്കുകൂട്ടലിലാണ് സ്റ്റെല്ല വിവരങ്ങള്‍ പുറത്തുവിട്ടതെന്നു കരുതപ്പെടുന്നു.
കോവിഡ് ഭീഷണി പരിഗണിച്ച് ഒരു വിഭാഗം തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
2012 ലാണ് അറസ്റ്റ് ഭയന്ന് അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്.






