തിരുവനന്തപുരം: നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ സര്‍വകലാശാലാ പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മെയ് രണ്ടാം വാരം നടക്കേണ്ട പരീക്ഷ നിശ്ചിത സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. അന്തിമ തീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വി.സിമാരുടെ യോഗത്തില്‍ കൈക്കൊള്ളുമെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
മെയ് മൂന്നിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ തുടരാന്‍ തീരുമാനിച്ചാല്‍ മാത്രമേ പുതിയ പരീക്ഷാ തീയതികള്‍ ആലോചിക്കൂ. വൈകാതെ സര്‍വകലാശാലകള്‍ പുതുക്കിയ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കും. അസാപിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി ലൈബ്രറികള്‍ തുറന്ന് കൊടുക്കാനാകുമോയെന്നും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നിലവില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജി, പിജി പരീക്ഷകള്‍ കഴിഞ്ഞിട്ടുണ്ട്. മൂല്യനിര്‍ണ്ണയമാണ് ബാക്കിയുള്ളത്. കോഴിക്കോട് സര്‍വകലാശാലയില്‍ യു.ജി പരീക്ഷകള്‍ നടന്നു. പി.ജി പരീക്ഷകള്‍ ബാക്കിയുണ്ട്. കേരള സര്‍വകലാശാലയില്‍ യു.ജി പരീക്ഷകള്‍ നടന്നിട്ടില്ല. ഈ പരീക്ഷകള്‍ മെയ് മൂന്നിന് തന്നെ നടത്താനാണ് നിലവിലെ തീരുമാനം. ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിന് നിലവില്‍ സാങ്കേതിക പരിമിതികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






