
ഗാന്ധിനഗര്‍: അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ വ്യത്യസ്ത മതക്കാരായ കോവിഡ്-19 രോഗികള്‍ക്ക് വെവ്വേറെ വാര്ഡുകളാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഗുജറാത്ത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
ഇത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് വകുപ്പിന്റെ പ്രതികരണം. വ്യത്യസ്ത മതക്കാരായ കോവിഡ്19 രോഗികളെ വെവ്വേറെ വാര്‍ഡുകളിലാണ് ചികിത്സിക്കുന്നതെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്- വകുപ്പ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
Some reports have appeared in the media that there are separate wards for patients of different religions in Civil Hospital Ahmedabad COVID hospital. These reports are absolutely baseless.
— GujHFWDept (@GujHFWDept) April 15, 2020
രോഗികളെ വ്യത്യസ്ത വാര്‍ഡുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത് അവരുടെ ആരോഗ്യസ്ഥിതി, ലക്ഷണങ്ങള്‍, പ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്. അതിനാല്‍, ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണ്- ഗുജറാത്ത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കുന്നു.






