
ലോക്ഡൗണിനെ തുടര്‍ന്ന് ആശുപത്രികള്‍ പോലും അടച്ചിട്ടിരിക്കുന്ന അവസ്ഥ വന്നതിനെ തുടര്‍ന്ന് ദന്താശുപത്രിയിലെ ഡോക്ടര്‍ക്ക് ഒരു ഗൈനക്കോളജിസ്റ്റിന്റെ ജോലി നിര്‍വ്വഹിക്കേണ്ടി വന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ബെംഗളൂരുവിലെ ദൊണ്ണബൊമ്മസാന്ദ്ര എന്ന സ്ഥലത്തുള്ള ഒരു ഡെന്റല്‍ ക്ലിനിക്കിലാണ് സംഭവം നടന്നത്. ഗ്രാമത്തില്‍നിന്ന് 7 കിലോമീറ്റര്‍ യാത്ര ചെയ്തത് ഭര്‍ത്താവും പൂര്‍ണഗര്‍ഭിണിയായ ഭാര്യയും ദൊണ്ണബൊമ്മസാന്ദ്ര എന്ന സ്ഥലത്തുള്ള ദന്താശുപത്രിയില്‍ എത്തുകയായിരുന്നു.
ദമ്പതികള്‍ എത്തി 10 നിമിഷത്തിനകം അവര്‍ പ്രസവിച്ചു. ഇതോടെ ദന്താശുപത്രിയിലെ ഡോക്ടറായ രമ്യയ്ക്ക് ഒരു ഗൈനക്കോളജിസ്റ്റിന്റെ ജോലിയും ഏറ്റെടുക്കേണ്ടി വന്നു. യുവതി പ്രസവിച്ചെങ്കിലും കുട്ടിക്ക് ചനങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ യുവതിക്ക് അമിത രക്തസ്രാവവും ഉണ്ടായിരുന്നു. ഇതോടെ യുവതിയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായി എല്ലാവരും. ഇതിനിടെ കുട്ടി ചെറുതായി അനങ്ങാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ എങ്ങനെയങ്കിലും രക്ഷിക്കാമെന്നുള്ള പ്രതീക്ഷയായി.
അര മണിക്കൂറിനകം ഡോ. രമ്യയുടെ നേതൃത്വത്തില്‍ ദന്താശുപത്രിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നവജാതശിശുവിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. യുവതിയുടെ രക്തസ്രാവവും അപ്പോഴേക്കും നിയന്ത്രണത്തിലായി.
അമ്മയും കുഞ്ഞും പൂര്‍ണമായി രക്ഷപ്പെട്ടു എന്നുറപ്പാക്കി, പ്രഥമ ശുശ്രുഷയ്ക്കു ശേഷം അവരെ കെ സി ചന്ദ്ര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. ദന്തഡോക്ടറാണെങ്കിലും കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാന്‍ ശ്രമിച്ച സന്തോഷത്തിലാണ് രമ്യയും ഒപ്പമുണ്ടായിരുന്നവരും.






