
കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. ആറു ദിവത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനാണ് തീരുമാനമായത്. ഇതിനെതിരേയാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഏപ്രില്‍ 24ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ വേതനം മാറ്റിവെക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 12 മാസം ഒരു ദിവസത്തെ ശമ്പളം വീതം നല്‍കാനാണ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍, താല്പര്യമില്ലാത്തവര്ക്ക് ശമ്പളം നല്കാതിരിക്കാന് അവസരമുണ്ട്.
ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കുമ്പോള്‍ ആകെ ഒരു മാസത്തെ വേതനമാണ് നഷ്ടമാകുന്നത്. ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍, മാറ്റിവെയ്ക്കല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുന്നു. കേരളത്തില്‍ നിര്‍ബന്ധിത തീരുമാനമായതിനാല്‍ കേന്ദ്രത്തിലെപ്പോലെ ശമ്പളം നല്കാതിരിക്കാന് സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജീവനക്കാരുടെ അനുമതിയില്ലാതെ നടപ്പാക്കുന്ന ഈ തീരുമാനം നിയമവിരുദ്ധമാണെന്നാണ് സംഘടനകള്‍ പറയുന്നത്.






