
കോഴിക്കോട്: റേഷന്‍ കടകളിലെ ഇ പോസ് മെഷീനിലെ നമ്പര്‍ ക്രമീകരണത്തില്‍ പ്രശനം വന്നതുമൂലം കിറ്റ് വിതരണം തടസ്സപ്പെടുന്നതായി പരാതി. സാങ്കേതിക പ്രശ്നം മൂലം സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെയുള്ള കിറ്റ് വിതരണം പലയിടങ്ങളിലും തടസ്സപ്പെട്ടു. ആദ്യ ദിവസം പൂജ്യം നമ്പറില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കായിരുന്നു കിറ്റ് വിതരണം നടക്കുകയെന്നാണ് അറിയിച്ചത്. ഇത് പ്രകാരം പത്തോ പതിനഞ്ചോ പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം ഒരു കടയില്‍ നിന്നും കിറ്റ് വിതരണം നടത്താനായത്. തുടര്‍ന്ന് റേഷന്‍ ഉടമകളുടെ പരാതിയെ തുടര്‍ന്ന് ഉച്ചയോടെ മെഷീനിലേക്ക് ഒന്നില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകളും കയറ്റി.
ഇതറിഞ്ഞ പലരും ഉച്ചയോടെയെത്തി സാധനങ്ങള്‍ വാങ്ങിയെങ്കിലും രണ്ടാം ദിവസമായ ഇന്ന് ഉച്ചയോടെ മാത്രമാണ് രണ്ടും മൂന്നും നമ്പറുകള്‍ മെഷീനിലേക്ക് കയറിയത്. ഇതോടെ ഇന്ന് രാവിലെ വന്ന് മടങ്ങിയ രണ്ടാം നമ്പറില്‍ പെട്ട കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് തന്നെ വീണ്ടും സാധനങ്ങള്‍ വാങ്ങാനായി എത്തേണ്ട അവസ്ഥയാണുള്ളത്. പലരും കടകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായും മനപൂര്‍വ്വം കിറ്റ് കൊടുക്കുന്നില്ലെന്ന തരത്തില്‍ ആരോപണമുയര്‍ത്തി കടയുടമകളുമായി വഴക്കുണ്ടാക്കുന്നതായും റേഷന്‍ കട ഉടമകള്‍ പറയുന്നു.
ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 22-ാം തീയതി മുതല്‍ കിറ്റ് വിതരണം നടത്തുമെന്ന് അറിയിച്ചതിനാല്‍ 21 മുതല്‍ക്ക് തന്നെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് മാറ്റി 27 മുതല്ക്കാക്കി. സോപ്പടക്കം കിറ്റിലുള്ളതിനാല് സമയത്ത് കിറ്റ് വിതരണം ചെയ്യാതിരുന്നാല്‍ മറ്റ് ഭക്ഷ്യവസ്തുക്കളും ഉപയോഗശൂന്യമായി പോകും.






