
സാഹിത്യത്തില്‍ കവിതയ്ക്കും ഗാനത്തിനുമാണ് ഇപ്പോള്‍ ഏഴരശ്ശനി ബാധിച്ചിരിക്കുന്നതെന്ന് തോന്നുന്നു. പ്രമുഖ വരികളിലും മുഖപുസ്തകത്തിലും മറ്റും വരുന്ന കവിതകള്‍ പലതും ആ പേരിനു പോലും അര്‍ഹമല്ല. ഗാനങ്ങളുടെ സ്ഥിതി അതിനേക്കാള്‍ പരിതാപകരമാണ്. രചന, സംഗീതം, ആലാപനം, ചിത്രീകരണം ഇവ നാലും ഒന്നിനൊന്ന് അപക്വവും അരോചകവുമാണ്. നമ്മുടെ കലയെയും സാഹിത്യത്തെയും ബാധിച്ചിരിക്കുന്ന മാരകമായ വൈറസ്സാണ് ആധുനികഗാനങ്ങള് എന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു.
'ഗൗതമന്റെ രഥം' എന്ന ചിത്രത്തിലെ ഗാനം കേട്ടതിനുശേഷമാണ് പൂര്‍ണ്ണമായും ഞാനിങ്ങനെയൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. വിനായക് ശശികുമാര്‍ (ഗാനരചന), അങ്കിത് മേനോന് (സംഗീത സംവിധാനം), സിദ് ശ്രീറാം (ആലാപനം) എന്നിവരാണ് ഈ ഗാനത്തിന്റെ ശില്‍പ്പികള്‍. നമ്മുടെ മാതൃഭാഷയെയും കലാപാരമ്പര്യത്തെയും ഒരുപോലെ കൊഞ്ഞനം കുത്തുന്നതാണ് ഈ ഗാനം.
''ഉയിരേ
കവരും ഉയിരെപ്പോലെ
എന്താണ് നീയെന്താണ്
കാതല്‍ മഴയായ്
തനുവില്‍ ചേരും
ആരാണ് നീ ആരാണ്?''
പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമമൊന്നും പാലിക്കുന്നില്ല എന്നതോ പോകട്ടെ, ഗാനം തുടര്‍ച്ചയായി അങ്ങ് പാടിപ്പോവുകയാണ്. ഗാനത്തിന്റെ തുടക്കത്തില്‍ നിന്ന് ഏതാനും വരികള്‍ ഞാനെടുത്തെഴുതി എന്നേയുള്ളൂ. കണ്ടില്ലേ ഒരു വാക്കുപോലും ഇന്നു വരിയാണ്. മഷിയിട്ടു നോക്കിയ ഈ വരികളില്‍ എന്തെങ്കിലുമൊരു സ്വാരസ്യം വ്യക്തമാക്കാന്‍ നമുക്കാവില്ല. ഉച്ചികുത്തി നിന്നാല്‍പ്പോലും രചയിതാവിന് ഇതിന്റെ അര്‍ത്ഥം പറഞ്ഞു തരാന്‍ കഴിയുമോ എന്നു സംശയമാണ്. അത്രയ്ക്ക് ഉദാസീനമായിട്ടാണ് വിനായക് ശശികുമാര്‍ ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
''ഉയരേ ചിറകോ രാവില്‍ നിലവോ
താരിന് മധുവോ കാണാക്കനവോ
നീ കണ്ണോട് കണ്ണോട് കണ്ണോരമായ്
കാതോട് കാതോട് കാതോരമായ്
നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ്
നിറയെ
നീ തോരാതെ തീരാതെയായ്
മായാതെ മായാതെ മായാതെയായ്
എന്നാളും എന്നാലും എന്‍ നാളമായ് പടരെ''
ചിന്തയ്ക്ക് അശേഷം സ്ഥാനമില്ലാതെ ഇങ്ങനെയൊക്കെ എഴുതാന്‍ എത്രയെളുപ്പം! ഇപ്രകാരം വായില്‍തോന്നിയത് എഴുതാനാണെങ്കില്‍ കവിപ്പട്ടം കെട്ടിയ ഒരാളുടെ ആവശ്യമെന്ത്? സംഗീതസംവിധായകനോ മറ്റുള്ളവര്‍ക്കോ കാര്യം സാധിക്കാവുന്നതേയുള്ളു. കഷ്ടം!
സിദ് ശ്രീറാമിന്റെ ആലാപനം പലതും വ്യക്തമല്ല. ചിലതൊക്കെ സാഹചര്യമനുസരിച്ച് അങ്ങനെയാണെന്ന് കരുതിയെന്നേയുള്ളൂ. 'രാവില്‍ നിലവോ' എന്നാണ് പാടിയിരിക്കുന്നത്. എന്നാല്‍ 'രാവിന് നിലാവോ' എന്നാകാനാണ് സാധ്യത. നിലവും നിലവു കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. 'നിലവി'ന് ബാക്കി കുടിശ്ശിക, നടപ്പ്, താമസം എന്നൊക്കെയാണ് അര്‍ത്ഥം. 'നിലാവി'നാകട്ടെ നമുക്കെല്ലാം അറിയാവുന്നതുപോലെ ചന്ദ്രന്റെ പ്രഭ എന്ന രൂഢയായ അര്‍ത്ഥമാണുള്ളത്. ഗാനവുമായി ബന്ധപ്പെട്ടവര്‍ക്ക് ഒരു ദീര്‍ഘം പ്രശ്നമല്ലായിരിക്കാം. പക്ഷേ ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഏതു ദീര്‍ഘവും വലുതാണ്.
തോരാതെ തോരാതെ തീരാതെയായെന്നും മായാതെ മായാതെ മായാതെയായെന്നും മറ്റുമുള്ള വരികള്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. എന്തെഴുന്നള്ളിച്ചാലും ആസ്വാദകര്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളാമെന്ന തെറ്റിദ്ധാരണ പാട്ടെഴുത്തകാരന് വച്ചു പുലര്‍ത്തുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അതു മാറ്റുക. വിനായക് ശശികുമാറിന്റെ പേര് ഭേദപ്പെട്ട ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ ഇതുവരെ വന്നുപെടാത്തതിന് കാരണം ഇത്തരം അസഹനീയവും അപശബ്ദകലുഷിതവുമായ വരികളാണ്. ഇതുവരെയുള്ള ലക്ഷണം വച്ചുനോക്കുകയാണെങ്കില്‍ അദ്ദേഹം അതില്‍ നിന്ന് മോചനം നേടുമെന്ന് കരുതുകവയ്യ. അദ്ദേഹം ഇനിയുമിനിയും ഇതുപോലെയുള്ള പേട്ടുപാട്ടുകളെഴുതി ആസ്വാദകരെ അലോസരപ്പെടുത്തുകയും കൈരളിയെ അപമാനിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. നമ്മുടെയും മലയാളഭാഷയുടെയും തലവര മാറ്റാനാകാത്തതുകൊണ്ട് അനുഭവിക്കുക തന്നെ, അല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം?






