
ഭോപ്പാല്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് സൈക്കിളില്‍ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്ക് തിരിച്ച കുടിയേറ്റ തൊഴിലാളി വഴിയില്‍ മരിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനരീതിയിലുള്ള മൂന്നാമത്തെ മരണമാണിത്. തബ്രക് അന്‍സാരി എന്നയാളാണ് വീട്ടിലേക്കുള്ള യാത്രാമധ്യേ മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ എത്തിയപ്പോള്‍ മരിച്ചത്. യാത്രയില്‍ തളര്‍ന്ന അദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നിര്‍ജ്ജലീകരണവും അമിതമായ ക്ഷീണവും മരണത്തിന് കാരണമാകാമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ശരിയായ മരണകാരണം പറയാന്‍ സാധിക്കൂവെന്നും പോലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് മറ്റ് പത്ത് തൊഴിലാളികള്‍ക്കൊപ്പമാണ് തബ്രക് യാത്ര തിരിച്ചത്. ഭിവണ്ടിയിലെ പവര്‍ലൂം യൂണിറ്റില്‍ തൊഴില്‍ ചെയ്തുവരികയായിരുന്നു ഇവര്‍. ജോലി നഷ്ടമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മറ്റ് മാര്ഗമില്ലാതിരുന്നതിനാലാണ് സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങിയത്.
'ഭിവണ്ടിയിലെ പവര്‍ലൂം യൂണിറ്റില്‍ ജോലിക്കാരായ തങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പണവും ഭക്ഷണവുമില്ലായിരുന്നു. അതിനാല്‍ മഹാരാജ്ഗഞ്ചിലേയ്ക്ക് സൈക്കളില്‍ മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ 350 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ പ്പോള്‍ തബ്രക്കിന് തലകറക്കം ഉണ്ടായി. സൈക്കളില്‍ നിന്ന് റോഡിലേയ്ക്ക് വീണു.' സംഘത്തിലുണ്ടായിരുന്ന രമേഷ് കുമാര്‍ എന്നയാള്‍ പറഞ്ഞു.






