
ദുബായ്: ഗള്‍ഫിലെ പ്രവാസികളില്‍ അനിശ്ചിതത്വത്തിന്റെ അളവ് കൂട്ടി ശമ്പളം വെട്ടിക്കുറയ്ക്കലും ജോലിയില്‍ നിന്നും പുറത്താക്കലുമായി സൗദി അറേബ്യയും. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച സാമ്പത്തീകപ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ശമ്പളം വെട്ടിക്കുറയ്ക്കല്‍, ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടിയ്ക്ക് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അനുവാദം നല്കി.
സാമ്പത്തീക നഷ്ടം നേരിടുന്നുണ്ടെന്ന് കാണിക്കാനായാല്‍ നിയമാനുസൃതം ജീവനക്കാരുടെ ശമ്പളം 40 ശതമാനം കുറയ്ക്കാനും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ പിരിച്ചുവിടാനും സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് അനുവാദം കിട്ടും. മലയാളികള്‍ ഉള്‍പ്പെടെ അനേകം ഇന്ത്യാക്കാരാണ് സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് വലിയ തിരിച്ചടിയാകുന്നതാണ് തീരുമാനമെന്നാണ് വിവരം.
തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അല്‍ ഷാര്‍ഖ് അവസാത്ത് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദിയിലെ മാനവശേഷി വികസനം, തൊഴില്‍കരാര്‍, സാമൂഹ്യ വികസനം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രാലയം ഒപ്പു വെച്ചതായാണ് വിവരം. ഇത് നിലവില്‍ വരുന്നതോടെ ജീവനക്കാര്‍ക്ക് ആറു മാസ കാലയളവിനിടയില്‍ നല്‍കിവരുന്ന ശമ്പളത്തിന്റെ 40 ശതമാനം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ചെയ്യാന്‍ അനുവാദം കിട്ടും. ജീവനക്കാരുടെ തൊഴില്‍സമയം കുറച്ച് കരാറില്‍ നിന്നും ഒഴിവാക്കുകയോ പറഞ്ഞു വിടുകയോ ചെയ്യാം.
സര്‍ക്കാരിന്റെ സബ്സീഡി കിട്ടുന്ന ജീവനക്കാരന് ആണെങ്കില്‍ പോലും ജോലിയില്‍ നിന്നും പിരിച്ചുവിടാം. ശമ്പളം വെട്ടിക്കുറച്ച് ആറു മാസം കഴിയാതിരിക്കുക, വാര്‍ഷിക, പ്രത്യേക അവധികളില്‍ ശമ്പളമില്ലാത്തവര്‍, സാമ്പത്തീക പ്രതിസന്ധി അനുഭവിക്കാത്ത കമ്പനികള്‍ എന്നിവര്‍ക്ക് ജീവനക്കാരെ പിരിച്ചുവിടാനാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം വഴി വിവരം പുറത്തു വരുന്നതോടെ ജീവനക്കാരന്റെ ശമ്പളം ആറുമാസത്തിനിടയില്‍ അയാള്‍ എടുത്ത വാര്‍ഷിക ലീവ് എന്നിവയുടെ എല്ലാം വിവരങ്ങള്‍ കമ്പനികള്‍ കൃത്യമായി സൂക്ഷിക്കേണ്ടി വരും.






