
കൊച്ചി : കോവിഡ് കാലത്ത് വൈദ്യുതി മീറ്റര്‍ റീഡിങ് താളംതെറ്റിയതോടെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി. മീറ്റര്‍ റീഡിങ് കണക്കാക്കുന്നതിലെ കാലതാമസംമൂലം സ്ലാബ് വ്യതിയാനം വന്നത് വൈദ്യുതി ബില്‍ തുക ഇരട്ടിച്ചു.
സാധാരണഗതിയില്‍ 60 ദിവസം കണക്കാക്കിയാണ് മീറ്റര്‍ റീഡിങ്. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ കൃത്യസമയത്ത് റീഡിങ് നടക്കാതിരിക്കുകയും പലയിടത്തും 12 ദിവസംവരെ വൈകി നടത്തുകയും ചെയ്തു. അതോടെ 70 ദിവസത്തെ വൈദ്യുതി ബില്ലും അടുത്ത സ്ലാബിലെ തുകയും വരുന്ന രീതിയില്‍ ബില്ലുകള്‍ ലഭിച്ചതാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായത്. ലോക്ക് ഡൗണിന് തൊട്ടുമുമ്പ് ബില്ല് ലഭിച്ചവര്‍ക്ക് മാത്രമാണ് ഇതില്‍ ആശ്വാസം ലഭിച്ചത്.
രണ്ടുമാസത്തില്‍ ശരാശരി 195 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിരുന്ന ഉപഭോക്താവിന് 660 രൂപയാണ് മീറ്റര്‍ വാടക അടക്കം ബില്ല് വന്നിരുന്നത്. അത് എട്ടുദിവസം വൈകി റീഡിങ് നടത്തിയപ്പോള്‍ 222 യൂണിറ്റ് രേഖപ്പെടുത്തി. ഇതോടെ തുക 1130 രൂപയായി ഉയര്‍ന്നു. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് മുന്നിലെത്തുകയാണിപ്പോള്.






