
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കെ എസ് ശബരിനാഥന് എംഎല്‍എയും എഴുത്തുകാരന് ബെന്യാമിനും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ഏറ്റുമിട്ടുന്നത്. ബെന്യാമിന്റെ രൂക്ഷ വിമര്‍ശനത്തിന് എതിരെ ശബരിനാഥന് എംഎല്‍എ മറുപടിയുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ ആസ്ഥാന കവിയാക്കണമെന്നാണ് പണ്ട് പറഞ്ഞതെങ്കിലും പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതമെന്നായിരുന്നു ശബരിനാഥന്റെ മറുപടി.
കെ.എസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ശ്രീ ബെന്യാമിന് എനിക്ക് ഇന്ന് ഒരു മറുപടി നല്കി. ഈ മറുപടി പോസ്റ്റിന്റെ ഒരു പ്രസക്ത ഭാഗം ചുവടെ ചേര്‍ക്കുന്നു....
'അപ്പോള്‍ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവില്‍ പൊതു സമൂഹത്തില്‍ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തില്‍ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്.'
ഞാന്‍ പണ്ട് പറഞ്ഞത് അദ്ദേഹത്തിന് സര്‍ക്കാരിന്റെ ആസ്ഥാനകവി പട്ടം ചാര്‍ത്തണമെന്നാണ്. പക്ഷേ ഈ ഭാഷാചാരുതയ്ക്ക് അത് വേണ്ട, പകരം ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിന് ആക്കണം. അതാണ് ഉചിതം.
'താങ്കള്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസിലെ ഞാനടക്കമുള്ള യുവ എംഎല്‍എമാര്‍ പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ സഹായം സമാഹരിക്കുകയാണെന്നും യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പരിപാടിയില്‍ താങ്കള്‍ സഹായം ചെയ്യാമോ? ഇതില്‍ രാഷ്ട്രീയവ്യത്യാസമില്ല' എന്ന ശബരിനാഥന്റെ പോസ്റ്റിന് രൂക്ഷമായ ഭാഷയിലാണ് ബെന്യാമിന് മറുപടി നല്‍കിയത്. 'ശബരി, തക്കുടുക്കുട്ടാ, മോനെ പോയി വല്ല തരത്തിലും തണ്ടിയിലും കളിക്കൂ' എന്നായിരുന്നു ബെന്യാമിന്റെ മറുപടി. അന്യന്റെ പോക്കറ്റില്‍ കിടക്കുന്ന പണത്തിന്റെ ബലത്തില്‍ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കില്‍ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായമെന്നും ബെന്യാമിന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.






