
തിരുവനന്തപുരം: കര്‍ണാടകത്തിലും തമിഴ്നാട്ടിലും മദ്യവില്‍പ്പനശാലകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ തിരക്കിന്റെ പശ്ചാത്തലത്തില്‍ മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ ആലോചനയില്‍ ബെവ് കോ. മുന്‍കൂറായി പണം നല്കി സമയം നിശ്ചയിച്ച് മദ്യം വാങ്ങാന്‍ വെര്‍ച്വല്‍ ക്യൂ മാതൃകയില്‍ തിരക്ക് നിയന്ത്രിച്ചു കൊണ്ടുള്ള നീക്കമാണ് ആലോചിക്കന്നത്.
ഇതിനായി മികച്ച ഒരു സോഫ്റ്റ് വേര് നിര്‍മ്മിക്കാന്‍ കഴിവുള്ള കമ്പനിയെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ വെബ്കോ എംഡി കത്തും നല്‍കിയെന്നാണ് വിവരം. അതേസമയം കള്ള്ഷാപ്പിലെ പാഴ്സല്‍ സംവിധാനത്തില്‍ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം കിട്ടിയിരിക്കുന്നത്.
ഒരാള്‍ക്ക് കൈവശം വെയ്ക്കാന്‍ അബ്ക്കാരി ചട്ടത്തില്‍ ഒന്നര ലിറ്ററാണ് കണക്കാക്കിയിട്ടുള്ളത്. കള്ള് ഷാപ്പുകളില്‍ നിന്നു മാത്രമേ വില്ക്കാന് പാടുള്ളൂ എന്നിരിക്കെ ഇക്കാര്യത്തില്‍ ഭേദഗതി വേണ്ടെന്നായിരുന്നു നിയമോപദേശം. മദ്യശാലകള്‍ തുറന്നാല്‍ ആള്ക്കാര് കൂട്ടം കൂടാന്‍ ഇടയുണ്ടെന്നും ഇത് കോവിഡിന്റെ സാമൂഹ്യവ്യാപനത്തിന് കാരണമാകുമെന്ന് നേരത്തേ വിലയിരുത്തിയിരുന്നു.






