
കാബൂള്‍: ലോക നഴ്സസ് ദിനത്തില്‍ നവജാതശിശുക്കളുടെ ജീവന് രക്ഷിക്കാന്‍ ജീവന് നല്‍കിയത് മൂന്നു നഴ്സുമാര്‍. മരണ സംഖ്യ ഇനിയും കൂടുമെന്ന് അഫ്ഗാനിസ്ഥാന് ആഭ്യന്തര വകുപ്പ്. കാബൂളിലെ എം.എസ്.എഫ്. ആശുപത്രിയുടെ പ്രസവവാര്ഡിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 17 മരണം. മൂന്നു ഭീകരരെ അഫ്ഗാന് സേന വധിച്ചു. ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്കു പരുക്കുണ്ട്.
100 സ്ത്രീകളെയും കുട്ടികളെയും മൂന്ന് വിദേശികളെയും രക്ഷപ്പെടുത്തിയതായി അഫ്ഗാന് പ്രത്യേക സേന അറിയിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10 നായിരുന്നു മൂന്നു ഭീകരരെത്തിയത് പോലീസ് ഉദ്യോഗസ്ഥരുടെ വേഷമണിഞ്ഞെത്തിയ അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണു പ്രസവ വാര്‍ഡിലെത്തിയത്. ഗ്രനേഡ് എറിഞ്ഞാണ് ആക്രമണം തുടങ്ങിയത്.
നവജാത ശിശുക്കളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നഴ്സുമാരും അമ്മമാരും വെടിയേറ്റുവീണു. 11 അമ്മമാരാണു വെടിയേറ്റു മരിച്ചത്. അക്രമികളെ തടയാന്‍ ശ്രമിച്ച സുരക്ഷാ ഭടനും കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട വെടിവയ്പിനുശേഷം അക്രമികളെയെല്ലാം അഫ്ഗാനിസ്ഥാന് സേന വധിച്ചു. മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് അഫ്ഗാന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നങ്ഗഹാര് പ്രവിശ്യയില്‍ സംസ്കാരച്ചടങ്ങ് ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 24 പേരും കൊല്ലപ്പെട്ടു.






