
ന്യൂഡല്‍ഹി: കര വ്യോമ നാവികസേനകളിലെ സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതുവഴി മൂന്ന് സായുധ സേനയിലെയും 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് കൂടുതല്‍ പ്രേയാജനം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'സൈനികരുടെ സര്‍വ്വീസ് കാലാവധി നീട്ടാനുള്ള നയം താമസിയാതെ കൊണ്ടുവരും. വിരമിക്കല്‍ കാലാവധി നീട്ടുന്നതും ആലോചനയിലുണ്ട്. ഞാന്‍ മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുകയാണ്. എന്തുകൊണ്ടാണ് ഒരു ജവാന് വെറും പതിനഞ്ചോ പതിനേഴോ വര്‍ഷം മാത്രം സേവിച്ചാല്‍ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വര്‍ഷം സേവിച്ചു കൂടാ. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത് .' ട്രിബ്യൂണിനു നല്കിയ അഭിമുഖത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്.
സായുധ സേനയില്‍ പരിവര്‍ത്തനവും പുനഃസംഘടനയും ആവശ്യമാണെന്നാണ് കോവിഡിന്റെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ജനറല്‍ റാവത്ത് അഭിപ്രായപ്പെട്ടത്.






