
റാന്നി: റാന്നി വടശ്ശേരിക്കരയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങി. ബുധനാഴ്ച രാവിലെയാണ് പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയില്‍ നാട്ടുകാര്‍ കടുവയെ കണ്ടത്.
കുറ്റിക്കാടുകള്‍ നിറഞ്ഞ പാറക്കെട്ടിനടുത്തായിട്ടാണ് ബുധനാഴ്ച രാവിലെ 6.45 ഓടെ കടുവയെ കണ്ടത്. സമീപവാസിയായ ചേന്നാട്ടു മലയില്‍ ജോയിയാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെ കൂട്ടി ചെന്ന് നോക്കിയപ്പോഴും പാറയുടെ വശം ചേര്‍ന്ന് കടുവ കിടക്കുന്നതായി കണ്ടു.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതോടെ വൈകുന്നേരങ്ങളില്‍ വീടിനു പുറത്ത് ഇറങ്ങരുതെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് പോലീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് മാറി മൂന്നു കിലോമീറ്റര്‍ അകലെയായി കടുവയെ കണ്ടിരുന്നു.






