ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥാതയിലുള്ള മദ്യവില്‍പ്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്ത മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മദ്യശാലകള്‍ തുറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച രണ്ട് പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതം പിഴയും ചുമത്തി.
മദ്യവില്‍പ്പ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ലോക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ വഴിയുള്ള വില്പ്പ തടഞ്ഞ ഹൈക്കോടതി ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യം വാങ്ങാന്‍ ജനക്കൂട്ടം തിക്കിതിരക്കിയതോടെയാണ് ഹൈക്കോടതി വില്‍പ്പന സ്റ്റേ ചെയ്തത്.
അതേസമയം, മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച തീരുമാനം സര്‍ക്കാരിന് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോള്‍ ഓണ്‍ലൈന്‍, വില്‍പ്പനയുടെ സാധ്യത കോടതി സൂചിപ്പിച്ചിരുന്നു.
അതിനിടെ, ലോക്ഡൗണ്‍ കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയാത്തതിന്റെ പേരില്‍ തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. വ്യവസായ യൂണിറ്റുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഉത്പാദനം നടക്കുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ ശമ്പളം നല്കാന് കഴിയാത്തതിന്റെ പേരില്‍ കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു പറ്റം ഹര്‍ജികള്‍ കോടതിയില്‍ എത്തിയത്.






