
ചെന്നൈ: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സ്വദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളോടെ ദുരവസ്ഥയഇല് സഹതാപം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. കുടിയേറ്റ തൊഴിലാളികളുടെ ദയനീയ അവസ്ഥ മനുഷ്യസഹജമായ ദുരന്തമാണെന്ന് കോടതി നിരീക്ഷിച്ചു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.
ജന്മനാട്ടില് തിരിച്ചെത്താന്‍ ദിവസങ്ങളോളം തൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിക്കുന്നത് ദയനീയ കാഴ്ചയാണ്. പലര്‍ക്കും അപകടങ്ങളില്‍ ജീവന് നഷ്ടമാകുന്നു. എല്ലാ സംസ്ഥാനങ്ങളും അവരുടെ മാനവിക സേവനങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കു കൂടി ലഭ്യമാക്കണമെന്നും ജസ്റ്റീസ് എന. കിരുബകര്ണന്, ജസ്റ്റീസ് ആര്.ഹേമലത പഎന്നിവരുടെ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
കോടതിയുടെ വിമര്‍ശനം വന്നതോടെ കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ പ്രസ്താവനയുമായി മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി രംഗത്തെത്തി. തൊഴിലാളികള്‍ ക്യാംപുകളില്‍ തന്നെ തുടരണമെന്നും സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങും. അതുവരെ ക്യാംപുകളില്‍ തന്നെ തുടരണം. ട്രെയിന്‍ ചാര്‍ജും യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇതിനകം തന്നെ ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് 53,000 തൊഴിലാളികളെ മടക്കി അയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.






