
ആലപ്പുഴ/കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പ്രകാരം ഖനനമേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്കിയതു കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു കരുത്തേകുമെന്നു വിദഗ്ധര്‍.
സംസ്ഥാനത്തെ ധാതുസമ്പത്തില്‍ ഏറ്റവും പ്രധാനമായ കരിമണല്‍ ഖനനം ചെയ്യാന്‍ നിലവില്‍ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനും (കെ.എം.എം.എല്‍) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനും (ഐ.ആര്.ഇ) മാത്രമേ അനുമതിയുള്ളൂ. എന്നാല്‍, ഇല്‍മനൈറ്റ് അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ആവശ്യമായതിന്റെ 15% പോലും ലഭ്യമാക്കാന്‍ ഈ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല.
കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള ധാതുമണലിലെ ഇല്‍മനൈറ്റ് ശേഖരം ഉപയോഗിക്കപ്പെടാതെ കിടക്കുമ്പോള്‍, സ്വകാര്യമേഖലയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഇറക്കുമതി ചെയ്യുന്നതയിനു ഗുണനിലവാരമില്ലെന്നു മാത്രമല്ല, സാമ്പത്തികനഷ്ടവുമുണ്ടാകുന്നു. 400 വര്‍ഷം ഖനനം ചെയ്താലും തീരാത്ത കരിമണല്‍ കേരളതീരത്തുണ്ടെന്നാണു മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. കൊല്ലം, നീണ്ടകര, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരമേഖലകളിലാണു കരിമണലിന്റെ വന്‍ശേഖരമുള്ളത്.
മുമ്പ് തമിഴ്നാട് കമ്പനി 50,000 കോടി രൂപയുടെ കരിമണല്‍ ഇവിടെനിന്നു കടത്തിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതു സംസ്ഥാനസര്‍ക്കാരിനു വന്‍നഷ്ടം വരുത്തി.
സ്വകാര്യകമ്പനികള്‍ക്കു സുപ്രീം കോടതി കരിമണല്‍ ഖനനാനുമതി നല്‍കിയിരുന്നതാണ്. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതുക്കള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്.എല്‍) മാനേജിങ് ഡയറക്ടര്‍ ശശിധരന് കര്‍ത്തായുടെ ഹര്‍ജിയിലായിരുന്നു ഈ വിധി. ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനികള്‍ക്കു ഖനനം നടത്താന്‍ 2006-ല്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, പ്രതിഷേധങ്ങളുയര്‍ന്നതോടെ പിന്‍വലിച്ചു. സി.എം.ആര്.എല്‍. ഹൈക്കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന് ഖനനാനുമതി പിന്‍വലിച്ച തീരുമാനം റദ്ദാക്കി. അതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കമ്പനിക്ക് അനുകൂലമായിരുന്നു. സുപ്രീം കോടതി വിധി വന്ന് ഇത്രയും കാലമായിട്ടും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്നു സി.എം.ആര്.എല്‍. ആരോപിച്ചിരുന്നു.






