
ന്യൂഡൽഹി : 2019 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരേ ഋഷഭ് പന്ത് പുറത്തായ ഷോട്ടിനെ പിന്തുണച്ച് ഇന്ത്യയുടെ മുൻതാരം യുവരാജ് സിങ്ങ്. ഇന്ത്യ നാല് വിക്കറ്റിന് 24 റൺസ് എന്ന നിലയിലാണ് ഋഷഭ് ക്രീസിലെത്തിയത്. 32 റൺസെടുത്ത ഋഷഭ് അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം 47 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.
അന്ന് ഋഷഭിന്റെ ആ ഷോട്ട് വിരാട് കോലിക്കും കോച്ച് രവി ശാസ്ത്രിക്കും അത്ര ദഹിച്ചിരുന്നില്ല. എന്നാൽ ഋഷഭിനെ പിന്തുണക്കുന്ന നിലപാടാണ് യുവരാജ് സ്വീകരിച്ചത്. ഋഷഭ് തന്റെ അഞ്ചാം മത്സരം മാത്രമാണ് കളിക്കുന്നതെന്നും ഇന്ത്യ തോൽക്കാൻ കാരണം വ്യക്തമായ ആസൂത്രണം ഇല്ലാത്തതാണെന്നും യുവരാജ് വ്യക്തമാക്കി.
പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായാണ് ഋഷഭ് പന്ത് ഇന്ത്യൻ ടീമിലെത്തിയത്. ഓപ്പണർ ഡേവിഡ് വാർണറുടെ പരിക്കായിരുന്നു വിജയ് ശങ്കറിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. എന്നാൽ വിജയ് ശങ്കറിനും പരിക്കേറ്റതോടെ ഋഷഭ് ടീമിനൊപ്പം ചേരുകയായിരുന്നു. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഋഷഭിനെ ടീമിലെടുത്തതെന്നും ലോകകപ്പ് പോലെ ഒരു ടൂർണമെന്റിന് തയ്യാറെടുപ്പ് നടത്തേണ്ടത് ഇങ്ങനെയല്ലെന്നും യുവി വ്യക്തമാക്കി.
'ഋഷഭ് തന്റെ അഞ്ചാം മത്സരം മാത്രമാണ് കളിക്കുന്നത്. ആ ഷോട്ട് ആർക്കും ഇഷ്ടപ്പെട്ടില്ല എന്നറിയാം. പക്ഷേ അവന് പരിചയസമ്പത്ത് കുറവാണെന്ന കാര്യം നമ്മൾ മറക്കരുത്. വലിയ ടൂർണമെന്റ് കളിക്കുമ്പോൾ എപ്പോഴും പരിചയസമ്പത്ത് മുതൽക്കൂട്ടാണ്.' കെവിൻ പീറ്റേഴ്സണുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെ യുവി വ്യക്തമാക്കുന്നു.






