
ആടു ജീവിതം ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം പൃഥ്വിരാജും സംഘവും മെയ് 22 വെള്ളിയാഴ്ച തിരികെ എത്തും. കോവിഡ് കാരണം വിമാന സര്‍വീസുകള്‍ അവസാനിച്ചതോടെ ജോര്‍ദാനില്‍ കുടുങ്ങി പോയ പൃഥ്വിയും സംവിധായകന് ബ്ലെസിയും അടക്കമുള്ള സംഘം എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തും. ഡല്‍ഹിയില്‍ എത്തിയ ശേഷം അവിടെ നിന്നാണ് ഇവര്‍ കൊച്ചിയിലേക്ക് തിരിക്കുക. സംഘത്തിലെ എല്ലാവരും നാട്ടില്‍ എത്തിയ ശേഷം ക്വാറന്റീനില്‍ പോകും.
ആടുജീവിതത്തിന്റെ ചിത്രീകരണം അവസാനിച്ച ശേഷം ജോര്‍ദാനിലെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലാണ് പൃഥ്വിയും സംഘവും ഇപ്പോഴുള്ളത്. 58 അംഗ സംഘമായിരുന്നു ജോര്‍ദാനില്‍ എത്തിയത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കോവിഡ് പടരുകയും ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂവിന് ഇളവ് ലഭിച്ച ശേഷം ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. മാര്‍ച്ച് ആദ്യമാണ് പൃഥ്വിരാജ് ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോകുന്നത്.






