
മലയാളം സിനിമകളെ പുകഴ്ത്തി പാക് നടി മാഹിറ ഖാന്. തനിക്ക് മലയാളം സിനിമ വളരെ ഇഷ്ടമാണെന്നും മലയാളം സിനിമകള്‍ കാണാറുണ്ടെന്നും നടി മുന്‍പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാഹിറ ഖാന് കാമറ ക്രൂവിനോട് സംസാരിക്കവെയാണ് മലയാള സിനിമയെക്കുറിച്ച് സംസാരിച്ചത്.
'എനിക്ക് മലയാള സിനിമയില്‍ അഭിനയിക്കണം. എന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്‍ഡസ്ട്രിയാണ്. എന്റെ കാഴ്ചപ്പാടില്‍ സൗത്ത് ഏഷ്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് അവിടെയാണ്. കണ്ടന്റടക്കം എല്ലാ തലത്തിലും. മലയാളം സിനിമ എല്ലാവരും കാണണം. ഞാന്‍ തെലുങ്ക്, തമിഴ് സിനിമകളെക്കുറിച്ചല്ല പറയുന്നത്. ഉറപ്പായും മലയാള സിനിമ എല്ലാവരും കണ്ടിരിക്കണം. അവരുടെ പ്രമേയവും സംവിധാനവും ലൈറ്റിങ്ങും നമ്മളെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ ഞാന്‍ ഈ പറയുന്നത് തെറ്റായിരിക്കും. മലയാളം സിനിമകള്‍ ബോളിവുഡിന് വിറ്റ് നല്ല പണമുണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്', മാഹിറയുടെ വാക്കുകൾ.
ഷാരൂഖ് ഖാന് ചിത്രം റെയ്സിലൂടെ ഇന്ത്യന്‍ സിനിമയിലെത്തിയ താരമാണ് മാഹിറ ഖാന്. പാക് സിനിമയിലെ ഏറ്റവും തിരക്കുളള നടിയാണ് മാഹിറ ഖാന്. ബോളിവുഡില്‍ സജീവമാകാന്‍ തയ്യാറെടുക്കവെയാണ് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് വരുന്നത്. തുടര്‍ന്ന് പഹല്‍ഗാം ഭീകരാരകമണത്തിന് പിന്നാലെ നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.






